സുഹൃത്തുക്കൾ ഒളിച്ചിരുന്ന് കാണിച്ച തമാശ പതിനെട്ടുകാരന്റെ ജീവനെടുത്തു; പാറമടയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്

കൊച്ചി: പെരുമ്പാവൂരിൽ യുവാവ് പാറമടയിൽ വീണ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സുഹൃത്തുക്കൾ ശബ്ദമുണ്ടാക്കി പേടിപ്പിച്ചതോടെയാണ് 18കാരൻ പാറമടയിൽ വീണതെന്ന് തെളിഞ്ഞു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ തങ്കളം സ്വദേശി നൗഫലാണ് വീടിന് സമീപമുള്ള പെട്ടമലയിലെ പാറമടയിൽ വീണ് മരിച്ചത്. കേസിൽ വിശദമായി അന്വേഷണം നടത്തിയ പോലീസ് സുഹൃത്തുക്കളുടെ മൊഴിയിലെ പരസ്പര വൈരുദ്ധ്യത്തെ തുടർന്ന് വിശദമായി അന്വേഷണം നടത്തുകയായിരുന്നു.

ഈ കേസിൽ നൗഫലിന്റെ സുഹൃത്തുക്കളായ അയിരൂർ പാടം സ്വദേശികളായ ആഷിഖ്, നഹ്ബാൻ, നെല്ലിക്കുഴി സ്വദേശി ഷാഹുൽ എന്നിവരെ കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെയാണ് സുഹൃത്തുക്കളുടെ തമാശയാണ് യുവാവിന്റെ ജീവനെടുത്തതെന്ന് നാട്ടുകാർ പോലും അറിഞ്ഞത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കൾ പെട്ടമലയിലെ പാറക്കെട്ടിന് മുകളിൽ ഉണ്ടെന്നറിഞ്ഞ നൗഫൽ ഇവരുടെ പക്കലേക്ക് എത്തുകയായിരുന്നു. ഈ സമയം പുല്ലു നിറഞ്ഞ ഭാഗത്ത് ഒളിച്ചിരുന്ന പ്രതികൾ ശബ്ദമുണ്ടാക്കി നൗഫലിനെ ഭയപ്പെടുത്തി.

ഭയപ്പെട്ട് പിന്നോട്ട് പോയ നൗഫൽ കാൽ വഴുതി താഴേക്ക് വീണു. അതേസമയം, പട്ടിയെ കണ്ട് ഭയന്നാണ് നൗഫൽ അപകടത്തിൽ പെട്ടതെന്നായിരുന്നു സംഭവ ദിവസം സുഹൃത്തുക്കൾ പറഞ്ഞിരുന്നത്. കൂടുതൽ ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിച്ചു. മൂന്ന് പ്രതികളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. സംഭവത്തിൽ കൂടുതൽ ദുരൂഹതയുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരുകയാണ്.

Exit mobile version