മോഡിയെ കള്ളനെന്ന് വിളിക്കരുതെന്ന് ശോഭ സുരേന്ദ്രന്‍; കള്ളമല്ല പെരുങ്കള്ളനെന്ന് ‘തിരുത്തി’ ടി സിദ്ധീഖ്, ചാനല്‍ ചര്‍ച്ചയില്‍ വാക്‌പോര്

മോഡിയെ കള്ളനെന്ന് വിളിക്കരുതെന്ന് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖും തമ്മില്‍ വാക്‌പോര്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കള്ളനെന്ന് വിളിച്ചതാണ് തര്‍ക്കത്തിന് തുടക്കമായത്. ചര്‍ച്ചയില്‍ ടി സിദ്ധീഖ് പ്രധാനമന്ത്രി കള്ളനെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആ സമയം ശോഭാ സുരേന്ദ്രന്‍ ഇടപെടുകയായിരുന്നു. മോഡിയെ കള്ളനെന്ന് വിളിക്കരുതെന്ന് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിക്കുന്നതിന് മുന്‍പ് താങ്കളുടെ നേതാവ് രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞ കാര്യം ഓര്‍ക്കണമെന്നും സിദ്ധീഖിനോട് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ‘നിങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചു. നിങ്ങളുടെ പപ്പുമോന്റെ കഴിവ് കേട്. പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ച നിങ്ങളുടെ രാഹുല്‍ഗാന്ധിയെ ‘ക്ഷ’ വരപ്പിച്ചില്ലേ” ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ചര്‍ച്ചയില്‍ തന്റെ ഊഴമെത്തിയപ്പോള്‍ സിദ്ദിഖ് തന്റെ വാദത്തില്‍ ഉറച്ചു നിന്നു. പ്രധാനമന്ത്രി കള്ളനല്ല ജനാധിപത്യത്തെ കൊള്ളയടിച്ച, പെരുങ്കള്ളനാണ് നരേന്ദ്ര മോഡിയെന്ന് ടി സിദ്ധീഖ് തുറന്നടിച്ചു. അര്‍ധരാത്രിയില്‍ ജനാധിപത്യത്തെ കൊള്ളയടിച്ച പെരുങ്കള്ളനാണ് മോഡിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാന മന്ത്രി കള്ളനാണെന്ന കാര്യത്തില്‍ തര്‍ക്കിക്കേണ്ടാ. മാന്യമല്ലാത്ത രാഷ്ട്രീയം കളിക്കലല്ല രാഷ്ട്രീയ ധാര്‍മ്മീയതെന്നും സിദ്ധീഖ് പറഞ്ഞു.

Exit mobile version