മഹാരാഷ്ട്രയിലെ ബന്ധം കേരളത്തിലേക്കില്ല; ഇവിടെ പിണറായി സർക്കാരിനൊപ്പം: എൻസിപി കേരള ഘടകം

തിരുവനന്തപുരം: മഹാരാഷ്ട്രയിൽ ബിജെപിക്ക് ഒപ്പം ചേർന്ന് സർക്കാർ രൂപീകരിച്ച അജിത് പവാറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി കേരള ഘടകം രംഗത്ത്. മഹാരാഷ്ട്രയിലെ ബിജെപി ബന്ധം കേരളത്തിലെ ഇടത് മുന്നണിയെ ബാധിക്കില്ലെന്നും എൻസിപി അറിയിച്ചു. മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം കേരളത്തിലെ എൻസിപിയേയും അമ്പരപ്പിച്ചിരിക്കുകയാണ്. ശിവസേനയ്ക്കും കോൺഗ്രസിനും ഒപ്പം ചേർന്ന് സർക്കാർ രൂപീകരണത്തിന്റെ അവസാനഘട്ടത്തിൽ എത്തി നിൽക്കെയാണ് അജിത് പവാറിന്റെ നേതൃത്വത്തിൽ എൻസിപിയിലെ ഒരു വിഭാഗം ബിജെപിയിലേക്ക് പോയത്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എൻസിപി സംസ്ഥാന അധ്യക്ഷനോട് വിശദീകരണം തേടി. മുന്നണിക്കൊപ്പം ഉറച്ചുനിൽക്കാനാണ് തീരുമാനമെന്ന് നേതാക്കൾ മുഖ്യമന്ത്രിയെ അറിയിച്ചു.

ഇതോടെ, അജിത്ത് പവാറിനെതിരേ പാർട്ടി നടപടി സ്വീകരിക്കണമെന്ന് എൻസിപി ദേശീയ ജനറൽ സെക്രട്ടറി ടിപി പീതാംഭരൻ മാസ്റ്റർ ആവശ്യപ്പെടുകയും ചെയ്തു. പാർട്ടി പിണറായി സർക്കാരിനൊപ്പം ഉറച്ചുനിൽക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി വ്യക്തമാക്കി. എൻസിപി-ബിജെപി സഖ്യത്തെ കുറിച്ച് നേതാക്കളിൽ പലരും ടിവിയിലൂടെയാണ് അറിഞ്ഞത്. എൻസിപിയുടെ മഹാരാഷ്ട്രയിലെ തീരുമാനത്തെ ശക്തമായി അപലപിച്ച് മാണി സി കാപ്പനും രംഗത്തെത്തി.

വിവരമറിഞ്ഞ ദേശീയ ജനറൽ സെക്രട്ടറി ടിപി പീതാംഭരൻ മാസ്റ്റർ ശരത് പവാറിനെ ബന്ധപ്പെട്ടു. തീരുമാനം തന്റെ അറിവോടെയല്ലെന്ന് ശരദ് പവാർ പ്രതികരിച്ചതായി പീതാംഭരൻ മാസ്റ്റർ വ്യക്തമാക്കി. അജിത്ത് പവാറിനെതിരേ നടപടി സ്വീകരിക്കണമെന്ന് പീതാംഭരൻ മാസ്റ്റർ ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലെ എൻസിപി ബന്ധം കേരളത്തിലെ ഇടത് ബന്ധത്തെ ബാധിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയും വ്യക്തമാക്കി. മഹാരാഷ്ട്രയിലെ അട്ടിമറിയ്ക്കുത്തരവാദി കോൺഗ്രസാണെന്ന് തോമസ് ചാണ്ടി ആരോപിച്ചു. കെസി വേണുഗോപാൽ അടക്കമുള്ളവർക്കെതിരെയും വിമർശനമുണ്ടായി.

Exit mobile version