ശബരിമല സീസണ്‍ പ്രമാണിച്ച് സംസ്ഥാനത്ത് ഹോട്ടലുകളില്‍ വ്യാപക പരിശോധന; 143 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് ഹോട്ടലുകളില്‍ പരിശോധന നടത്തിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും ഹോട്ടലുകളില്‍ വ്യാപക റെയ്ഡ്. ശബരിമല സീസണ്‍ പ്രമാണിച്ച് ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് ഹോട്ടലുകളില്‍ വ്യാപകമായി പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ വ്യാഴ് വെള്ളി ദിവസങ്ങളിലായി 385 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.

ഇതില്‍ 143 ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷ വകുപ്പ് നോട്ടീസ് നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കിയത്. ആദ്യഘട്ടത്തില്‍ ഓരോ ജില്ലകളിലേയും നഗരങ്ങളിലെ ഹോട്ടലുകള്‍, ഭക്,ണശാലകള്‍, ശബരിമല ഇടത്താവള കേന്ദ്രീകരിച്ചുള്ള ഹോട്ടലുകള്‍, വഴിയോര ഭോജനശാലകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കിയത്.

ശബരിമല സീസണ്‍ ആയതു കൊണ്ട് ലക്ഷക്കണക്കിന് അയ്യപ്പ ഭക്തന്‍മാരാണ് എത്തുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് ഇനിയും പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് പരിശോധന നടത്തിയ 16 സ്ഥാപനങ്ങളില്‍ 10 സ്ഥാപനങ്ങള്‍്കക് നോട്ടീസ് നല്‍കി.

കൊല്ലത്ത് 56ല്‍ 24 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പത്തനംതിട്ടയില്‍ 22 സ്ഥാപനത്തില്‍ 2 എണ്ണത്തിന് നോട്ടീസ് നല്‍കി. ആലപ്പുഴ 19ല്‍ 15, കോട്ടയത്ത് 9ല്‍ 6, ഇടുക്കിയില്‍ 12ല്‍ 2, എറണാകുളത്ത് 48ല്‍ 14, തൃശ്ശൂരില്‍ 20ല്‍ 5 സ്ഥാപനങ്ങളില്‍ നോട്ടീസ് നല്‍കി. പാലക്കാട് 22ല്‍ 5, മലപ്പുറത്ത് 12ല്‍ 4, കോഴിക്കോടില്‍ 54ല്‍ 29, വയനാടില്‍ 20ല്‍ 3, കണ്ണൂരില്‍ 57ല്‍ 17, കാസര്‍കോടില്‍ 18ല്‍ 7 എന്നിങ്ങനെയാണ് ജില്ലകളില്‍ പരിശോധന നടത്തിയത്.

Exit mobile version