ഒരു ഒത്തുകൂടലിനിടെ അറിഞ്ഞു അവളിന്നും ഏകയാണെന്ന്; സഹപാഠിക്ക് വേണ്ടി കൂട്ടുകാർ കൈകോർത്തു, ശ്രീലത സുമംഗലിയായി

മേലാറ്റൂർ: അന്നത്തെ പത്താംക്ലാസ് പഠനത്തിന് ശേഷം പലവഴിക്കായി പിരിഞ്ഞുപോയവർ വീണ്ടും തിരക്കുകൾ മാറ്റിവെച്ച് ഒത്തുചേർന്നപ്പോൾ ശ്രീലത എന്ന സഹപാഠിക്ക് ലഭിച്ചത് പുതുജീവൻ. 1993ൽ എസ്എസ്എൽസി പഠനം പൂർത്തിയാക്കിയവർ വീണ്ടും അതേ വിദ്യാലയത്തിൽ ഒത്തുചേർന്നപ്പോഴാണ് കൂടെ പഠിച്ച ശ്രീലത വിവാഹിതയല്ലെന്ന് അറിഞ്ഞത്. ഇതോടെ സഹപാഠികൾ കൈക്കോർത്ത് പിടിച്ച് ശ്രീലതയ്ക്ക് പുതിയൊരു ജീവിതം സമ്മാനിക്കാനായി വരനെ അന്വേഷിക്കാൻ ആരംഭിച്ചു. പിന്നീട് ആലോചനകൾ മുറുകി. ഒടുവിൽ അവൾക്ക് വരനെ കണ്ടെത്തി വിവാഹവും നടത്തി കൊടുത്താണ് സഹപാഠികൾ ആശ്വാസത്തിന്റെ ദീർഘനിശ്വാസം വിട്ടത്.

കീഴാറ്റൂരിലെ പരേതരായ കിഴക്കേലത്തൊടി അച്യുതൻകുട്ടി നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകൾ ശ്രീലതയാണ് സഹപാഠികളുടെ സ്‌നേഹകൂട്ടായ്മ കാരണം വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. വെട്ടത്തൂർ തേലക്കാട് പരുത്തി മന നാരായണൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകൻ ഹരിയാണ് ശ്രീലതയുടെ വരൻ.

മേലാറ്റൂർ ആർഎം ഹയർ സെക്കൻഡറി സ്‌കൂളിലെ 1992 -93 വർഷത്തെ എസ്എസ് എൽസി ബാച്ചുകാരാണ് ശ്രീലതയും സുഹൃത്തുക്കളും. ഇവരുടെ കൂട്ടായ്മയായ ഓർമ്മത്തണൽ’93 ആണ് സഹപാഠിയെ സുമംഗലിയാക്കിയത്. ചെമ്മാണിയോട് ലൗ ലൈൻ കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹച്ചടങ്ങിൽ കൂട്ടായ്മയിലെ മുഴുവൻ വിദ്യാർത്ഥികളും പൂർവ അധ്യാപകരും ഒത്തുകൂടി. വിഭവസമൃദ്ധമായ സദ്യ രുചിച്ച് വധൂവരൻമാരെ ആശിർവദിച്ച് മടങ്ങുമ്പോൾ കൂട്ടായ്മയുടെ ഓർമ്മയ്ക്കായ് ഒരു വൃക്ഷത്തൈയും സുഹൃത്തുക്കൽ സമ്മാനിച്ചു.

Exit mobile version