ഷെഹ്‌ലയ്ക്ക് വേണ്ടി വീറോടെ സംസാരിക്കുന്നത് ഈ പെൺകുട്ടിയാണ് നിദാ ഫാത്തിമ

വയനാട്: ഷെഹ്‌ല ഷെറിന്റെ ജീവനെടുത്ത അനാസ്ഥയ്ക്ക് എതിരെ ജനരോഷം പുകയുകയാണ്. അധ്യാപകരും ഡോക്ടർമാരും അനാസ്ഥ കാണിച്ചെന്ന് വ്യക്തമായതോടെ വിദ്യാർത്ഥിനിയുടെ സഹപാഠികളും പ്രതിഷേധിച്ച് തെരുവിൽ ഇറങ്ങിയിരുന്നു. ഷെഹ് ലയ്ക്ക് നീതി ലഭിക്കണമെന്ന് ഓരോരുത്തരും നിരന്തരം പറഞ്ഞുകൊണ്ടിരിക്കെ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ഉറച്ച ശബ്ദത്തിൽ ഷെഹ്‌ല നേരിട്ട നീതി നിഷേധം പങ്കുവെച്ച് മറ്റൊരു പെൺകുട്ടിയും ശ്രദ്ധയാകർഷിക്കുകയാണ്.

അവളുടെ പേര് നിദാ ഫാത്തിമ എന്നാണ്. ഷെഹ്‌ല പഠിച്ചിരുന്നു സർവജന സ്‌കൂളിലെ തന്നെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് നിദ. നാളയുടെ പ്രതീക്ഷയാണിതെന്നാണ് സമൂഹമാധ്യമങ്ങൾ ഈ പെൺകുട്ടിയെ വിശേഷിപ്പിക്കുന്നത്. കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെച്ച് കൊണ്ടിരിക്കുന്നത്. മിക്കവരുടെയും കവർഫോട്ടോ ആയി നിദ ഫാത്തിമ മാറിക്കഴിഞ്ഞു. ഷെഹലയ്ക്ക് എന്താണ് സംഭവിച്ചതെന്നും ഇക്കാര്യം പറഞ്ഞ് ചെന്നപ്പോൾ അധ്യാപകർ എങ്ങനെയാണ് തങ്ങളോട് പെരുമാറിയതെന്നും നിദ കൃത്യമായി എല്ലാവരേയും അറിയിക്കുന്നുണ്ട്.

നിദ കൈചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ചിത്രം ഫോട്ടോഗ്രാഫറായ ജോൺസൺ പട്ടവയലാണ് പകർത്തിയിരിക്കുന്നത്. ബത്തേരി-മൈസൂർ ദേശീയപാതയിലെ യാത്രാ നിരോധനത്തിനെതിരെ സമരം നടന്ന കാലത്തെ നിദയുടെ ചിത്രമാണിത്. അന്ന് വിവിധ സ്‌കൂളുകളിലെ കുട്ടികൾ ഈ സമരത്തിൽ പങ്കെടുത്തിരുന്നു. അന്നും വളരെ ചുറുചുറുക്കോടെയാണ് നിദ സമരത്തിൽ പങ്കെടുത്തതെന്ന് ജോൺസൺ പറയുന്നു.

Exit mobile version