ഉച്ചയ്ക്ക് ശേഷം ക്ലാസ് മാറി പഴയ കെട്ടിടത്തിലേക്ക് പോയി; ഷെഹ്‌ലയെ കാത്ത് മരണം പതിയിരുന്നു

സുൽത്താൻ ബത്തേരി: ഗവ.സർവജന വൊക്കേഷണല്‍ ഹയർസെക്കന്ററി സ്‌കൂളിലെ അഞ്ച് എയിലെ വിദ്യാർത്ഥിനിയായിരുന്നു ഷെഹ്‌ല ഷെറിൻ. മലയാളം ഉപഭാഷയായി എടുത്തതിനാൽ മലയാളം ക്ലാസായ അഞ്ച് ബിയിലേക്ക് ഇന്റർവെല്ലിനു ശേഷം പോയതായിരുന്നു ഷെഹ്‌ല. ഏഴാമത്തെ പിരീഡിൽ പഴയ ബിൽഡിങ്ങിലെ അഞ്ച് ബിയിലേക്കു മറ്റു കുട്ടികൾക്കൊപ്പം വന്ന വിദ്യാർത്ഥിന് അവസാന ബെഞ്ചിലായി ഇരിപ്പിടം കണ്ടെത്തുകയായിരുന്നു. ക്ലാസിനിടയ്ക്ക് ബെഞ്ചിനടിയിലെ വലിയ മാളത്തിൽനിന്നു പാമ്പ് വന്നു. കുട്ടിക്ക് കടിയേൽക്കുകയും ചെയ്തു. അധ്യാപകരുടേയും ഡോക്ടർമാരുടേയും അനാസ്ഥ കാരണം ആ കുഞ്ഞുജീവൻ പാതിവഴിയിൽ നഷ്ടപ്പെടുകയും ചെയ്തു.

സംസ്ഥാനത്ത് ഇത് ആദ്യമായല്ല സ്‌കൂളുകളിൽ നിന്നും പാമ്പുകടിയേറ്റ് മരണം സംഭവിക്കുന്നത്. സ്‌കൂളുകളിൽ നിന്നും വിഷമേറ്റ് വിദ്യാർത്ഥികൾ മരിച്ച സംഭവം സംസ്ഥാനത്തു മുമ്പുമുണ്ടായിട്ടുണ്ട്. 1993 മാർച്ചിലാണ് ഇടുക്കി അടിമാലിക്കു സമീപത്തെ ഗവ. സ്‌കൂളിൽവച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥി ഷിജോയ്ക്കു പാമ്പുകടിയേറ്റത്. കുട്ടിയെ വീട്ടിലേക്കു നടത്തിയാണു വിട്ടത്. വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

വയനാട്ടിലെ തന്നെ മാനന്തവാടിയിലെ സ്വകാര്യ സ്‌കൂൾ വളപ്പിൽ കളിച്ചുകൊണ്ടിരിക്കെയാണു രണ്ടാം ക്ലാസ് വിദ്യാർത്ഥി സന്ദീപ് പാമ്പുകടിയേറ്റു മരിച്ചത്. ഒരു കിലോമീറ്റർ അകലെ ഡോക്ടറുടെ അടുത്തേക്കു അന്ന് കുട്ടിയെ നടത്തിയാണു കൊണ്ടുപോയത്.

Exit mobile version