നവവരനായ യുവസൈനികൻ ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ട്രെയിനിൽ നിന്നു വീണ് മരിച്ചു

കൊച്ചി: ബന്ധുവിന്റെ വിവാഹത്തിനായി കൊല്ലത്തെത്തി മടങ്ങുകയായിരുന്നു യുവസൈനികൻ ട്രെയിനിൽ നിന്നും വീണുമരിച്ചു. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ വെച്ച് പാളത്തിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണ് കൊല്ലം പടിഞ്ഞാറെ കല്ലട കോയിക്കൽ പെരുവേലിക്കര കരിങ്ങോട്ട് തെക്കതിൽ വിഷ്ണു (26) ആണ് മരിച്ചത്.

ജോലിസ്ഥലമായ ഉത്തരേന്ത്യയിലേക്കുള്ള ട്രെയിൻ എന്നു കരുതി തിരുവനന്തപുരത്തേക്കുള്ള രാജധാനി എക്‌സ്പ്രസിൽ ചാടി കയറുന്നതിന് ഇടയിലാണ് വിഷ്ണു ട്രെയിനിൽ നിന്നും വീണത്. പുലർച്ചെ ഒന്നരയോടെ എറണാകുളം സൗത്ത് സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു അപകടം. കരസേനയുടെ റാഞ്ചിയിലെ ഇഎംഇ ( ഇലക്‌ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേഴ്‌സ്) വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിഷ്ണു അമ്മാവൻറെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. കഴിഞ്ഞ 10നായിരുന്നു വിവാഹം.

എറണാകുളത്തു നിന്ന് പ്രതിവാര എക്‌സ്പ്രസ് ട്രെയിനിൽ ജോലി സ്ഥലത്തേക്ക് മടങ്ങാൻ ബുധനാഴ്ച രാത്രി വഞ്ചിനാട് എക്‌സ്പ്രസിൽ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിയ വിഷ്ണു പ്ലാറ്റ്‌ഫോമിലിരുന്നു ഉറങ്ങിപ്പോവുകയായിരുന്നു. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയ നിസാമുദ്ദീൻ തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ട്രെയിൻ സ്റ്റേഷൻ വിടുന്നതിനിടെ പെട്ടെന്ന് ഉണർന്ന വിഷ്ണു പ്രതിവാര എക്‌സ്പ്രസാണെന്നു തെറ്റിദ്ധരിച്ചു ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് പാളത്തിലേക്ക് വീഴുകയായിരുന്നു.

ആർപിഎഫും റെയിൽവെ പോലീസും ചേർന്നു എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടരമാസം മുമ്പായിരുന്നു വിഷ്ണുവിന്റെ വിവാഹം. ഭാര്യ: ഐശ്വര്യ. പിതാവ്: രഘു. മാതാവ്: വിമല. വിശാഖ് സഹോദരനാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് കോയിക്കൽ ഭാഗം ജിഎൽപി സ്‌കൂളിൽ പൊതുദർശനത്തിനു ശേഷം രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടന്നു.

Exit mobile version