പാമ്പ് കൊത്തിയതാണെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ ഒന്നും ചെയ്തില്ല; സഹപാഠികളുടെ വെളിപ്പെടുത്തല്‍, വന്‍ പ്രതിഷേധം

ക്ലാസ്സില്‍ പാമ്പുണ്ടെന്ന് പറഞ്ഞിട്ട് പോലും അധ്യാപകര്‍ ഒന്നും ചെയ്തില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഷഹ്ലയുടെ കാലില്‍ പാമ്പ് കൊത്തിയ പാട് സഹപാഠികള്‍ കാണിച്ചിട്ടും അധ്യാപകര്‍ അവളെ ഉടന്‍ ആശുപത്രിയിലെത്തിച്ചില്ലെന്ന് കുട്ടികള്‍ പറഞ്ഞു

വയനാട്: ക്ലാസ് മുറിയിലെ തറയിലെ പൊത്തില്‍ നിന്നും പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സഹപാഠികളുടെ പ്രതിഷേധം. ക്ലാസ് മുറിയില്‍ ചെരിപ്പിടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദമില്ലയിരുന്നു. ക്ലാസ്സില്‍ പാമ്പുണ്ടെന്ന് പറഞ്ഞിട്ട് പോലും അധ്യാപകര്‍ ഒന്നും ചെയ്തില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഷഹ്ലയുടെ കാലില്‍ പാമ്പ് കൊത്തിയ പാട് സഹപാഠികള്‍ കാണിച്ചിട്ടും അധ്യാപകര്‍ അവളെ ഉടന്‍ ആശുപത്രിയിലെത്തിച്ചില്ലെന്ന് കുട്ടികള്‍ പറഞ്ഞു.

സംഭവ ദിവസത്തെ കുറിച്ച് കുട്ടികള്‍ വിവരിക്കുന്നത് ഇങ്ങനെ- ക്ലാസില്‍ ടീച്ചര്‍ നാല് ഗ്രൂപ്പായിട്ട് നിര്‍ത്തിയിരിക്കുവായിരുന്നു. രണ്ടാം ഗ്രൂപ്പിലായിരുന്നു ഷഹ്ല. അവള്‍ ആ പൊത്തിന്റെ അടുത്ത് കാല് വച്ച് നിന്നപ്പോഴാണ് പാമ്പ് കടിയേറ്റത്. രണ്ട് കുത്ത് കാലില്‍ കണ്ടപ്പോ തന്നെ തനിക്ക് കാര്യം മനസ്സിലായി. അപ്പോ താന്‍ ടീച്ചറോട് പറഞ്ഞു, പാമ്പ് കുത്തിയതാ ടീച്ചറേ വേഗം ആശുപത്രിയില്‍ കൊണ്ടുപോവണം എന്ന്.

ആ സമയം ക്ലാസില്‍ കയറി വന്ന ഷജിന്‍ സാര്‍ പറഞ്ഞു. ഇപ്പോ കൊണ്ടുപോവണ്ട ഷഹ്ലയുടെ അച്ഛന്‍ വരുന്നുണ്ട് എന്നിട്ട് കൊണ്ടു പോയ മതിയെന്ന്. എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോ ഷഹ്ലയുടെ കാലില്‍ നീല നിറം വന്നു എന്ന് സഹപാഠി പറഞ്ഞു. തുടര്‍ന്ന് ഷഹ്ലയുടെ അച്ഛന്‍ വന്നതിന് ശേഷമാണ് അവളെ ആശുപത്രിയിലെത്തിച്ചത്.

ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ഷഹ്ലയെ ആശുപത്രിയിലെത്തിച്ചത്. അതേസമയം സഹപാഠികളുടെ വെളിപ്പെടുത്തല്‍ അപ്പാടെ സ്‌കൂള്‍ അധികൃതര്‍ തള്ളി. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയിട്ടില്ലെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞു. മൂന്നരയോടെ പാമ്പുകടിയേറ്റ കുട്ടിയെ മൂന്നേമുക്കാലോടെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുപോയെന്നും 04.09-ന് അവിടെ നിന്ന് താലൂക്കാശുപത്രിയില്‍ കൊണ്ടുപോയി.

അവിടെ അഞ്ച് മണി വരെ ചികിത്സ കിട്ടാന്‍ വൈകി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വളിയില്‍ വൈത്തിരിയില്‍ വെച്ച് കുട്ടിക്ക് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ അതിനിടെ കുട്ടി മരിച്ചെന്ന് അധ്യാപകര്‍ പറഞ്ഞു. അതേസമയം ക്ലാസില്‍ ഇതുവരെ പാമ്പിനെ കണ്ടതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞിട്ടില്ലെന്ന്ും പ്രിന്‍സിപ്പല്‍ പറഞ്ഞു.

ക്ലാസ് മുറികളില്‍ വലിയ മാളങ്ങളാണുള്ളത്. സ്‌കൂളിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്റെയും സജ്നയുടെയും മകളാണ് ഷഹ്ല ഷെറിന്‍ (10). ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഷഹ്ല ഷെറിന്‍.

Exit mobile version