സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് പോകാം; വിലക്ക് പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചു. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെ കടത്തിവിടുന്നത് തടയുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലെ അന്തിമ വാദത്തിനിടെയാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.

അതെസമയം സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്പയില്‍ പാര്‍ക്കിംഗ് അനുവദിക്കില്ലെന്നും ഭക്തരെ ഇറക്കിയശേഷം നിലയ്ക്കലില്‍ മടങ്ങിയെത്തി പാര്‍ക്ക് ചെയ്യണമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഗതാഗതക്കുരുക്കുണ്ടായാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

മഹാപ്രളയത്തിനു ശേഷം പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിട്ടിരുന്നില്ല. സ്വകാര്യ വാഹനങ്ങളിലെത്തുന്ന ഭക്തര്‍ നിലയ്ക്കലില്‍ ഇറങ്ങി കെഎസ്ആര്‍ടിസി ബസില്‍ കയറിയാണ് പമ്പയിലേക്ക് പോകേണ്ടിയിരുന്നത്. ഇതിലാണ് സര്‍ക്കാര്‍ ഇളവ് അനുവദിച്ചത്.

അതെസമയം സര്‍ക്കാരിന്റെ പുതിയ നിലപാടിനെ കെഎസ്ആര്‍ടിസി എതിര്‍ത്തേക്കും. ഇപ്പോള്‍ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി മാത്രമാണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യ വാഹനങ്ങളെ പമ്പയിലേക്ക് കടത്തിവിടുന്നതോടെ തങ്ങളുടെ വരുമാനത്തില്‍ കുത്തനെ ഇടിവുണ്ടാകും എന്നതാണ് കെഎസ്ആര്‍ടിസി ചൂണ്ടിക്കാണിക്കുന്നത്.

Exit mobile version