റണ്‍വെ നവീകരണം: ബുധനാഴ്ച മുതല്‍ നെടുമ്പാശേരിയില്‍ നിന്ന് പകല്‍ വിമാന സര്‍വീസില്ല

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വെ നവീകരണ പദ്ധതി ബുധനാഴ്ച തുടക്കമാകും. 2020 മാര്‍ച്ച് 28 വരെ ഇനി പകല്‍ സമയം വിമാനസര്‍വീസുകള്‍ ഉണ്ടാകില്ല. എല്ലാ ദിവസവും രാവിലെ പത്തിന് വിമാനത്താവള റണ്‍വെ അടയ്ക്കും വൈകീട്ട് ആറിന് തുറക്കും. മിക്ക സര്‍വീസുകളും വൈകീട്ട് ആറ് മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുന:ക്രമീകരിച്ചിട്ടുള്ളതിനാല്‍ 5 വിമാന സര്‍വീസുകള്‍ മാത്രമാണ് റദ്ദുചെയ്യപ്പെട്ടത്.

ബുധനാഴ്ച മുതല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തന സമയം 16 മണിക്കൂര്‍ ആയി ചുരുങ്ങുകയാണ്. നെടുമ്പാശേരി വിമാനത്താവളം പ്രതിദിനം 30,000 യാത്രക്കാരേയും 240 സര്‍വീസുകളേയും കൈകാര്യം ചെയ്യുന്നു. രാവിലെയും വൈകിട്ടും തിരക്കു പ്രതീക്ഷിക്കുന്നുണ്ട്. ഇത് പരിഗണിച്ച് ചെക്ക്-ഇന്‍ സമയം വര്‍ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാര്‍ക്ക് ഇനി മൂന്നു മണിക്കൂര്‍ മുമ്പു തന്നെ ചെക്ക്-ഇന്‍ നടത്താം. രാജ്യാന്തര യാത്രക്കാര്‍ക്ക് നാല് മണിക്കൂര്‍ മുമ്പും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

യാത്രക്കാര്‍ക്ക് പരമാവധി സേവനം ഉറപ്പുവരുതുന്നതിന്റെ ഭാഗമായി കസ്റ്റംസ്, ഇമിഗ്രേഷന്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സികള്‍, സിഐഎസ്എഫ് എന്നീ വിഭാഗങ്ങളുടെ സഹകരണം സിയാല്‍ ഉറപ്പാക്കിയിട്ടുണ്ട്. 100 സുരക്ഷാ ഭടന്‍മാരെ കൂടി സിഐഎസ്എഫ് അനുവദിച്ചിട്ടുണ്ട്. ഇതോടെ സിയാലിലെ സിഐഎസ്എഫ് അംഗബലം 950 ആയി ഉയര്‍ന്നു. വരുന്ന ആഴ്ചകളില്‍ 400 പേര്‍ കൂടി എത്തുമെന്നും സിഐഎസ്എഫ് അറിയിച്ചിട്ടുണ്ട്.

റണ്‍വെ റീ-സര്‍ഫസിങ് പ്രവൃത്തി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരുവര്‍ഷം മുമ്പുതന്നെ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്(സിയാല്‍) ആസൂത്രണം തുടങ്ങിയിരുന്നു. വിമാനക്കമ്പനികള്‍ പൂര്‍ണ സഹകരണം ഉറപ്പാക്കിയതോടെ വ്യാപകമായ സര്‍വീസ് റദ്ദാക്കലുകള്‍ ഒഴിവാക്കാനായി.

സ്‌പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തില്‍ റദ്ദാക്കിയത്. വിവിധ എയര്‍ലൈനുകളുടെ അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, മൈസൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ഓരോ സര്‍വീസുകളും റദ്ദാക്കപ്പെട്ടു. അതേസമയം, ഒക്ടോബര്‍ അവസാനവാരം നടപ്പിലായിത്തുടങ്ങിയ ശീതകാല സമയപ്പട്ടികയില്‍ നിരവധി സര്‍വീസുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുമുണ്ട്.

Exit mobile version