നാളെ കൊച്ചിയില്‍ പറന്നിറങ്ങുക 1500 പ്രവാസികള്‍; ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായി സിയാല്‍

കൊച്ചി: കൊച്ചിയിലേക്ക് ബുധനാഴ്ച എത്തുക 1500 പ്രവാസികള്‍. കോവിഡ് 19 പ്രോട്ടോക്കോള്‍ യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി സിയാല്‍ അറിയിച്ചു. അഞ്ച് ചാര്‍ട്ടേഡ് അന്താരാഷ്ട്ര വിമാനങ്ങളിലും ഒരു വന്ദേഭാരത് വിമാനത്തിലുമായി 1500 പേരാണ് എത്തുന്നത്.

കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഈ ആഴ്ച ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ലണ്ടനില്‍ നിന്ന് ഖത്തര്‍ എയര്‍വേസ് ചാര്‍ട്ടേഡ് വിമാനം ബുധനാഴ്ച 01.45ന് ദോഹ വഴി കൊച്ചിയിലെത്തും. 280 യാത്രക്കാര്‍ ഇരുരാജ്യങ്ങളില്‍ നിന്നും ഈ വിമാനത്തില്‍ എത്തും.

ഷാര്‍ജയില്‍ നിന്നുള്ള ഇന്‍ഡിഗോ സ്പെഷ്യല്‍ ഫ്‌ലൈറ്റ് 180 യാത്രക്കാരുമായി ഉച്ചയ്ക്ക് ശേഷം മൂന്നിന് എത്തും. ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ 350 യാത്രക്കാരാണ് വൈകിട്ട് 5ന് എത്തുന്നത്. ജിദ്ദയില്‍ നിന്ന് 350 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം വൈകിട്ട് 6.50നും 162 യാത്രക്കാരുമായി ഗള്‍ഫ് എയര്‍ വിമാനം രാത്രി 8.50നും എത്തും.

സലാലയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വന്ദേഭാരത് വിമാനം 177 യാത്രക്കാരുമായി 7.45ന് ലാന്‍ഡ് ചെയ്യുമെന്ന് സിയാല്‍ അറിയിച്ചു. തിങ്കളാഴ്ച 1381 യാത്രക്കാര്‍ എത്തിച്ചേരുകയും 1061 യാത്രക്കാര്‍ പുറപ്പെടുകയും ചെയ്തതോടെ ആഭ്യന്തര വിമാനഗതാഗതവും തിരക്കേറി. വരും ദിവസങ്ങളിലും കൂടുതല്‍ ആഭ്യന്തരയാത്രക്കാര്‍ കൊച്ചിയിലെത്തും.

Exit mobile version