റോഡ് നിയമം പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കണം; ജി സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തതാണ് റോഡ് അപകടങ്ങള്‍ കൂടാന്‍ കാരണമെന്ന് സുധാകരന്‍ പറഞ്ഞു. നടപ്പാക്കിയ റോഡ് നിയമം പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബോധവത്കരണം ഇല്ലാത്തതല്ല, നിയമം കര്‍ശനമായി പാലിക്കാത്തതാണ് അപകടങ്ങള്‍ ദിനം പ്രതി വര്‍ധിച്ച് വരാന്‍ കാരണമെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. പലരും ഗതാഗത നിമയം പാലിക്കാതെയാണ് വാഹനം ഓടിക്കുന്നത്. മൊബൈലില്‍ സംസാരിച്ചുകൊണ്ടാണ് മിക്കവരും വാഹനമോടിക്കുന്നത്. റോഡ് സേഫ്റ്റി അതോരിറ്റിയും ട്രാഫിക് പോലീസും കൃത്യമായി നടപടികള്‍ എടുക്കണം’. ലൈസന്‍സ് അനുവദിക്കുന്ന കാര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പുതുക്കിയ മോട്ടോര്‍വാഹന നിയമം അനുസരിച്ച് ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയെ കുറിച്ച് പലര്‍ക്കും ഇപ്പോഴും അറിവില്ല. ഇത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കേരളാ പോലീസ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു ട്രോള്‍ വീഡിയോയും കേരളാ പോലീസ് പുറത്തുവിട്ടിരുന്നു. നിലവിലെ റോഡ് നിയമങ്ങള്‍ ലംഘിച്ചാല്‍ കൊടുക്കേണ്ട പിഴ. ഇത് വീണ്ടും ആവര്‍ത്തിച്ചാല്‍ ചുമത്തുന്ന പിഴ. തുടങ്ങിയ കാര്യങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Exit mobile version