ട്രാക്ടറുകള്‍ക്ക്‌ നേരെ പാഞ്ഞടുത്ത് ലോറി; വ്യത്യസ്ത അപകടങ്ങളില്‍ പൊലിഞ്ഞത് നാല് കര്‍ഷകരുടെ ജീവന്‍, ഒരാള്‍ ഹൃദയാഘാതം മൂലവും, ധനസഹായം പ്രഖ്യാപിച്ചു

Truck Accident | Bignewslive

ന്യൂഡല്‍ഹി: വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത അപകടങ്ങളില്‍ നാല് കര്‍ഷകര്‍ മരിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പങ്കെടുത്ത് സ്വദേശത്തേയ്ക്ക് മടങ്ങവെയാണ് നാല് പേരും അപകടത്തില്‍ മരിച്ചത്. ഡല്‍ഹി അതിര്‍ത്തിയിലാണ് രണ്ട് അപകടങ്ങളും നടന്നത്. ഒരു കര്‍ഷകന്‍ ഹൃദയാഘാതം മൂലവും ഡല്‍ഹിയില്‍ മരിച്ചു.

പിന്നാലെ, മരിച്ച അഞ്ചു കര്‍ഷകരുടെയും കുടുംബാംഗങ്ങള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. ഹരിയാനയിലെ ഹര്‍ണാന്‍ ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആണ് ആദ്യ അപകടം നടന്നത്. കര്‍ഷകര്‍ സഞ്ചരിച്ചിരുന്ന ട്രാക്ടര്‍ തരോരി മേല്‍പ്പാലത്തില്‍വെച്ച് ലോറിയില്‍ ഇടിക്കുകയായിരുന്നു. ലഭ് സിങ് (24), ഗുര്‍പ്രീത് സിങ് (50) എന്നിവരാണ് തല്‍ക്ഷണം മരണപ്പെട്ടത്. പട്യാലയിലെ സഫേറി സ്വദേശികളാണ്. മറ്റൊരു കര്‍ഷകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

മൊഹാലിയിലെ ഭഗോമജ്രയിലാണ് രണ്ടാമത്തെ അപകടം നടന്നത്. മോഹാലി സ്വദേശിയായ സഖ്ദേവ് സിങ്, ഫത്തേഗഢ് സാഹിബ് സ്വദേശിയായ ദീപ് സിങ് എന്നിവരാണ് ഈ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിനിടെ മോഗ സ്വദേശിയായ മഖന്‍ ഖാന്‍ ആണ് ഡല്‍ഹിയില്‍ ഹൃദയാഘാതം മൂലം മരിച്ചത്.

Exit mobile version