ഹര്‍ത്താല്‍ അക്രമങ്ങള്‍ തടയാനുള്ള നടപടിയുമായി സര്‍ക്കാര്‍; ഇനി സ്വകാര്യസ്വത്തില്‍ കൈവെച്ചാല്‍ ജാമ്യമില്ലാ കുറ്റം; പത്ത് വര്‍ഷം വരെ തടവും

പൊതുസ്വത്ത് നശിപ്പിച്ചാല്‍ കടുത്തശിക്ഷ ലഭിക്കുന്ന കേന്ദ്രനിയമത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനവും നിയമം കൊണ്ടുവന്നത്.

തിരുവനന്തപുരം: ഹര്‍ത്താലിനിടെ സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നത് തടയാന്‍ പുതിയ നടപടിയുമായി സര്‍ക്കാര്‍. ഹര്‍ത്താലിനിടെ സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നത് ഇനി മുതല്‍ ജാമ്യമില്ലാ കുറ്റമാകും. ഇതിന്റെ ഭാഗമായി സ്വകാര്യസ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നല്‍കലും ബില്‍ നിയമസഭ പാസാക്കി.

പുതിയ നിയമ പ്രകാരം കുറഞ്ഞത് അഞ്ചുവര്‍ഷം വരെ തടവും പിഴയുമാണ് പുതിയ ശിക്ഷ. തീകൊണ്ടോ സ്‌ഫോടക വസ്തു കൊണ്ടോ നാശനഷ്ടമുണ്ടാക്കിയാല്‍ പത്തുവര്‍ഷം വരെയാകാവുന്നതും അഞ്ചുവര്‍ഷത്തില്‍ കുറയാത്തതുമായ ശിക്ഷ ലഭിക്കാം.

വര്‍ഗീയ ലഹള, ബന്ദ്, പ്രകടനം, മാര്‍ച്ച്, ഘോഷയാത്ര, റോഡ് ഗതാഗതം തടയല്‍ തുടങ്ങിയ ഏതു വിധത്തിലുമുള്ള സംഘം ചേരലിലൂടെ സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നതിനെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും.

പൊതുസ്വത്ത് നശിപ്പിച്ചാല്‍ കടുത്തശിക്ഷ ലഭിക്കുന്ന കേന്ദ്രനിയമത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനവും നിയമം കൊണ്ടുവന്നത്.

Exit mobile version