പെണ്‍കരുത്തിന്റെ പുതിയ മുഖമായി ഈ ‘ആഴക്കടലിന്റെ റാണി’ ; ആഴക്കടലില്‍ മത്സ്യബന്ധന ലൈസന്‍സ് നേടിയ ആദ്യ വനിത എന്ന റെക്കോര്‍ഡ് ഇനി രേഖയ്ക്ക് സ്വന്തം

നാല് മക്കളുടെ നല്ല ഭാവി സ്വപ്‌നം കണ്ട ഈ 45 കാരിയ്ക്ക് മുന്നില്‍ വേറെ മാര്‍ഗങ്ങളില്ലാതെ വന്നതോടെയാണ് വലയുമെടുത്ത് ഭര്‍ത്താവിനൊപ്പം അഴക്കടലില്‍ പോകാന്‍ തുടങ്ങിയത്

ചാവക്കാട്: കേരളത്തിന്റെ പെണ്‍കരുത്തിന്റെ പുതിയ മുഖമായി മാറിയിരിക്കുകയാണ് ചാവക്കാട് സ്വദേശിനിയായ രേഖ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന രേഖയെ തേടി എത്തിയിരിക്കുന്നത് ആഴക്കടലില്‍ മത്സ്യബന്ധന ലൈസന്‍സ് നേടിയ ആദ്യ ഇന്ത്യന്‍ വനിത എന്ന റെക്കോര്‍ഡാണ്. സമൂഹമാധ്യമങ്ങളിലും താരമാണ് ഈ അറബിക്കടലിന്റെ റാണി.

ജീവിത പ്രാരാബ്ദങ്ങളാണ് രേഖയെ മത്സ്യബന്ധനത്തിലേക്ക് നയിച്ചത്. മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് പി കാര്‍ത്തികേയനൊപ്പം വളളത്തിലുണ്ടായിരുന്ന രണ്ടുപേര്‍ ജോലി നിര്‍ത്തിയതോടെ വേറെ പണിക്കാരെ വെക്കാന്‍ പൈസയില്ലാതെ വന്നു. നാല് മക്കളുടെ നല്ല ഭാവി സ്വപ്‌നം കണ്ട ഈ 45 കാരിയ്ക്ക് മുന്നില്‍ വേറെ മാര്‍ഗങ്ങളില്ലാതെ വന്നതോടെയാണ് വലയുമെടുത്ത് ഭര്‍ത്താവിനൊപ്പം അഴക്കടലില്‍ പോകാന്‍ തുടങ്ങിയത്.

നേരം പുലരുമ്പോള്‍ വലയുമായി ചേറ്റുവ കടപ്പുറത്ത് ഇവരുണ്ടാകും. തങ്ങളുടെ പഴയ ബോട്ടില്‍ ഒരു ദിശാസൂചികയുടെയും സഹായമില്ലാതെ 20 മുതല്‍ 30 നോട്ടിക്കല്‍ മൈല്‍ വരെ ഇവര്‍ എത്തും. എങ്ങനെ ഇത് സാധിക്കുന്നുവെന്ന് ചോദിക്കുമ്പോള്‍ രേഖ പറയും ‘പരമ്പരാഗതമായി കിട്ടിയ അറിവും കടലമ്മയുടെ തുണയുമാണ് ഞങ്ങള്‍ക്കെന്ന്’.

രേഖ ഒരു മാതൃകയാണ് ജീവിതത്തില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍, അതിനെ സധൈര്യം നേരിടുന്നതിന് പകരം അതില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നവര്‍ക്കുളള ഉത്തമ മാതൃക.

Exit mobile version