സംസ്ഥാനത്ത് ആദ്യമായി സ്രാങ്ക് ലൈസന്‍സ് നേടി ഒരു വനിത; പെരുമ്പളം നിവാസികള്‍ക്ക് അഭിമാന താരമായി സന്ധ്യ

പെരുമ്പളം തുരുത്തേല്‍ എസ് സന്ധ്യ (44) യാണ് ബോട്ടുകള്‍, ബാര്‍ജുകള്‍, മറ്റു ജലവാഹനങ്ങള്‍ എന്നിവ ഓടിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി അഭിമാന താരമായത്.

ആലപ്പുഴ: ഇതാ ഒരു പുരുഷമേഖലയില്‍ കൂടി സ്ത്രീകളുടെ കടന്നുകയറ്റം. സംസ്ഥാനത്ത് ആദ്യമായി സ്രാങ്ക് ലൈസന്‍സ് നേടി ഒരു വനിത. പെരുമ്പളം തുരുത്തേല്‍ എസ് സന്ധ്യ (44) യാണ് ബോട്ടുകള്‍, ബാര്‍ജുകള്‍, മറ്റു ജലവാഹനങ്ങള്‍ എന്നിവ ഓടിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി അഭിമാന താരമായത്.

കേരള ഇന്‍ലാന്‍ഡ് വെസല്‍ (കെഐവി) റൂള്‍ – 2010 പ്രകാരം നടന്ന സ്രാങ്ക് പരീക്ഷയില്‍ സന്ധ്യ ജയിച്ചു. ബോട്ടിലെ പരിശീലനത്തിനുശേഷം നടന്ന എഴുത്തു പരീക്ഷയിലും ജയിച്ചതോടെയാണ് സ്രാങ്ക് ലൈസന്‍സ് ലഭിച്ചത്. ബാര്‍ജ്, മത്സ്യബന്ധന വെസല്‍ തുടങ്ങിയ ജലവാഹനങ്ങളില്‍ ജോലി ചെയ്യുന്നതിന് കെഐവി സ്രാങ്ക് ലൈസന്‍സ് നിര്‍ബന്ധമാണ്.

ലാസ്‌കര്‍ ലൈസന്‍സ് നേടി കുറഞ്ഞതു രണ്ടുവര്‍ഷം ജോലി ചെയ്താലേ സ്രാങ്ക് ലൈസന്‍സിന് അപേക്ഷിക്കാന്‍ കഴിയൂ. സ്റ്റിയറിങ് തിരിക്കല്‍, ബോട്ട് ഓടിക്കല്‍ ഉള്‍പ്പെടെ മുഴുവന്‍ നിയന്ത്രണത്തിനും ചുമതലപ്പെട്ടയാളാണ് സ്രാങ്ക്. തേവര, നെട്ടൂര്‍, ആലപ്പുഴ തൈക്കാട്ടുശ്ശേരി ഭാഗങ്ങളില്‍ പുരവഞ്ചിയുള്‍പ്പെടെ ഓടിച്ച് പരിചയമുണ്ട് സന്ധ്യക്ക്.

വിഴിഞ്ഞം, തിരുവനന്തപുരം, കൊല്ലം, കൊടുങ്ങല്ലൂര്‍, ആലപ്പുഴ തുടങ്ങിയ പോര്‍ട്ടുകളില്‍ ഈ പരീക്ഷ നടത്തുന്നുണ്ട്. ആലപ്പുഴ പോര്‍ട്ട് ഓഫീസില്‍ നിന്നാണു സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. 226 എച്ച് പി വരെയുളള ജലയാനങ്ങള്‍ ഇനി സന്ധ്യയ്ക്ക് കൈകാര്യം ചെയ്യാം. ആര് ജോലിയ്ക്ക് വിളിച്ചാലും തന്റെ സേവനം ഉറപ്പാക്കും എന്ന് സന്ധ്യ പറഞ്ഞു.

വൈക്കം സ്വദേശികളായ പരേതരായ സോമന്റെയും സുലഭയുടെയും മകളാണു സന്ധ്യ. ഭര്‍ത്താവ്: അങ്കമാലി ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൗണിലെ കയറ്റിറക്കു തൊഴിലാളി മണി. മക്കള്‍: ഹരിലക്ഷ്മി, ഹരികൃഷ്ണ. അതേസമയം, ബോട്ട് മാസ്റ്റര്‍, ലാസ്‌കര്‍ തുടങ്ങിയ പരീക്ഷകളില്‍ മുന്‍പത്തെക്കാള്‍ കൂടുതല്‍ വനിതകള്‍ എത്തുന്നുണ്ടെന്നാണ് അറിയുന്നത്.

Exit mobile version