ലൈസന്‍സില്ല : സാരി വിലക്ക് വിവാദമുണ്ടായ റസ്റ്ററന്റ് അടച്ചുപൂട്ടാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി : സാരി ധരിച്ചെത്തിയ യുവതിക്ക് പ്രവേശനം നിഷേധിച്ച സൗത്ത് ഡല്‍ഹിയിലെ അന്‍സല്‍ പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന അക്വില റസ്റ്ററന്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിന് സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് നോട്ടീസ് നല്‍കിയത്. പ്രവര്‍ത്തനം നിര്‍ത്തിയെന്ന് റസ്റ്ററന്റ് ഉടമ അറിയിച്ചു.

സെപ്റ്റംബര്‍ 21ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയിലാണ് ഹെല്‍ത്ത് ട്രേഡ് ലൈസന്‍സില്ലാതെയാണ് റസ്റ്ററന്റ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് ഹോട്ടല്‍ നിര്‍മിച്ചതെന്നും തെളിഞ്ഞു. സെപ്റ്റംബര്‍ 24ന് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വീണ്ടും നടത്തിയ പരിശോധനയില്‍ അതേ വൃത്തിഹീനമായ അവസ്ഥയിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് എസ്ഡിഎംസി നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ റസ്റ്ററന്റ് അടച്ചുപൂട്ടിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

സാരി ധരിച്ചെത്തിയ യുവതിക്ക് പ്രവേശനം നിഷേധിച്ചത് വിവാദമായതോടെയാണ് റസ്റ്ററന്റ് വാര്‍ത്തകളില്‍ നിറഞ്ഞത്. റസ്റ്ററന്റ് ജീവനക്കാരുമായുള്ള തര്‍ക്കത്തിന്റെ വീഡിയോ യുവതി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവം തെറ്റായി ചിത്രീകരിക്കപ്പെട്ടു എന്നായിരുന്നു റസ്റ്ററന്റ് അവകാശപ്പെട്ടത്.

Exit mobile version