കാറിന്റെ സണ്‍റൂഫില്‍ കുട്ടികളെ ഇരുത്തി യാത്ര: കോഴിക്കോട് സ്വദേശിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: കുട്ടികളെ കാറിന്റെ സണ്‍റൂഫില്‍ ഇരുത്തി അപകടകരമായി കാറോടിച്ച സംഭവത്തില്‍ ഉടമയുടെ ലൈസന്‍സ് മോട്ടര്‍ വാഹന വകുപ്പ് (എംവിഡി) സസ്‌പെന്‍ഡ് ചെയ്തു. നരിക്കുനി പന്നിക്കോട് സ്വദേശി മുജീബിനെതിരെയാണ് നടപടിയെടുത്തത്.

കോഴിക്കോട് കുന്നമംഗലത്ത് കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്നു കുട്ടികളെ കാറിന്റെ സണ്‍റൂഫില്‍ ഇരുത്തി വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു, ഇതിനു പിന്നാലെയാണ് എംവിഡിയുടെ നടപടി.

കുട്ടികളെ കാറിന്റെ സണ്‍റൂഫില്‍ ഇരുത്തിയാണ് മുജീബ് അമിത വേഗത്തില്‍ വാഹനമോടിച്ചത്. പിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാരാണ് കാറിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിച്ചതോടെയാണ് എംവിഡി നടപടിയെടുത്തത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊടുവള്ളി ജോയിന്റ് ആര്‍ടിഒ ഓഫിസില്‍ റജിസ്റ്റര്‍ ചെയ്ത വാഹനമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മുജീബിനെ ആര്‍ടിഒ ഓഫിസില്‍ വിളിച്ചുവരുത്തി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. കാറോടിച്ചത് താനാണെന്ന് മുജീബ് സമ്മതിച്ചു. മുജീബില്‍ നിന്ന് വിശദീകരണം തേടിയ ശേഷമാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ആറുമാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.

Exit mobile version