പാലക്കാട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കും

മാവോയിസ്റ്റുകളായ കാര്‍ത്തിയുടെയും മണിവാസകത്തിന്റെയും മൃതദേഹങ്ങളാണ് ഏറ്റുവാങ്ങി സംസ്‌കരിക്കുന്നത്

തൃശ്ശൂര്‍: പാലക്കാട് ഉള്‍വനത്തില്‍ സുരക്ഷ സേനും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കും. മാവോയിസ്റ്റുകളായ കാര്‍ത്തിയുടെയും മണിവാസകത്തിന്റെയും മൃതദേഹങ്ങളാണ് ഏറ്റുവാങ്ങി സംസ്‌കരിക്കുന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തി.

ബന്ധുക്കളെന്ന് തെളിയിക്കുന്ന രേഖകള്‍ പോലീസിന് കൈമാറിയ ശേഷമാണ് മൃതദേഹം വിട്ടുനല്‍കുന്നത്. മണിവാസകത്തിന്റെ മൃതദേഹം ജന്‍മനാടായ സേലത്തേക്ക് കൊണ്ടു പോകാനാണ് ബന്ധുക്കളുടെ തീരുമാനം. നാട്ടില്‍ എതിര്‍പ്പുള്ളതിനാല്‍ കാര്‍ത്തിയുടെ മൃതദേഹം തൃശ്ശൂരില്‍ തന്നെ സംസ്‌കരിക്കുമെന്ന് ബന്ധുകള്‍ അറിയിച്ചു.

മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും മൃതദേഹം സംസ്‌കരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് ബന്ധുക്കള്‍ കേരളത്തിലേക്ക് തിരിച്ചത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് അരവിന്ദിന്റെ മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇത് ചെന്നൈ സ്വദേശി ശ്രീനിവാസന്റേതെന്നാണ് ബന്ധുക്കളുടെ അവകാശവാദം. രമ എന്ന പേരില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കന്യാകുമാരി സ്വദേശി അജിതയുടേതാണെന്നാണ് സംശയം. ഇരുവരുടെയും ബന്ധുക്കള്‍ എത്തിയിട്ടില്ല.

നേരത്തേ മഞ്ചക്കണ്ടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും വിശദമായ അന്വേഷണം നടക്കുന്നത് വരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് കാര്‍ത്തിയുടെ സഹോദരനും മണിവാസകത്തിന്റെ സഹോദരിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാര്യങ്ങള്‍ വ്യക്തമായ സ്ഥിതിക്ക് മൃതദേഹങ്ങള്‍ സംസ്‌കരിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.

Exit mobile version