ബിജാപ്പൂരിൽ മാവോവാദികൾ ബന്ദിയാക്കിയ കമാൻഡർ രാകേശ്വർ സിങ് മൻഹാസിനെ വിട്ടയച്ചു; രക്ഷ അഞ്ചുദിവസത്തെ തടവിന് ശേഷം

Rakeshwar-Singh-Manhas2

റായ്പൂർ: ഛത്തീസ്ഗഢിലെ ബിജാപ്പൂരിൽ മാവോവാദികളെ നേരിടുന്നതിനിടെ കാണാതാവുകയും പിന്നീട് മാവോവാദികൾ ബന്ദിയാക്കുകയും ചെയ്ത സിആർപിഎഫ് കോബ്ര കമാൻഡർ രാകേശ്വർ സിങ് മൻഹാസിനെ വിട്ടയച്ചു. ജവാനെ വിട്ടയച്ച കാര്യം സിആർപിഎഫ് സ്ഥിരീകരിച്ചു. അഞ്ച് ദിവസത്തെ തടങ്കലിന് ശേഷമാണ് ജവാനെ മോചിപ്പിച്ചിരിക്കുന്നത്.

ഏപ്രിൽ മൂന്നിന് നടന്ന ഏറ്റുമുട്ടലിൽ 22 ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. അന്ന് പരിക്കേറ്റ ജവാനെ മാവോയിസ്റ്റുകൾ ബന്ദിയാക്കുകയായിരുന്നു. ഒരു സ്ത്രീ ഉൾപ്പടെ അഞ്ചു മാവോവാദികളും കൊല്ലപ്പെട്ടിരുന്നു.

ജവാനെ വിട്ടയക്കാൻ മാവോവാദികൾ ഉപാധികൾ മുന്നോട്ടുവെച്ചതാ!യി റിപ്പോർട്ടുണ്ടായിരുന്നു. ഇവ സർക്കാർ അംഗീകരിച്ചോ ഇല്ലയോ എന്ന കാര്യം വ്യക്തമായിട്ടില്ല. ബിജാപ്പൂരിലെ സിആർപിഎഫ് ക്യാമ്പിലെത്തിച്ച് രാകേശ്വറിനെ ആരോഗ്യ പരിശോധനക്ക് വിധേയനാക്കി.

ഇദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ പ്രതിഷേധിച്ചതും വാർത്തയായിരുന്നു. അഭിനന്ദ് വർധമാനെ മോചിപ്പിച്ചതുപോലെ രാകേശ്വറിനെ രക്ഷിക്കാനും പ്രധാനമന്ത്രി മോഡി ഇടപെടണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.

Exit mobile version