നെഞ്ചുവേദന സഹിക്കാനാകാതെ രണ്ടുദിവസത്തിനുള്ളിൽ കണ്ടത് എടപ്പാളിലെ നാല് ഡോക്ടർമാരെ; എന്നിട്ടും ഹൃദയാഘാതം പ്രശാന്തിനെ തട്ടിയെടുത്തു

എടപ്പാൾ: കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് ദിസത്തിനുള്ളിൽ നാല് ഡോക്ടർമാരെ കണ്ട് ചികിത്സ തേടിയിട്ടും യുവാവിന്റെ ജീവനെടുത്ത് ഹൃദയാഘാതം. എടപ്പാൾ അരുൺ സ്റ്റീൽസ് ഉടമ വെങ്ങിനിക്കര ഇളയിടത്ത് കേശവന്റെ മകൻ പ്രശാന്ത്(30)ആണ് ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ ഹൃദയാഘാതം സംഭവിച്ച് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ടുദിവസം മുമ്പ് നെഞ്ചിലും പുറത്തുമെല്ലാം വേദനവന്നതോടെ പ്രശാന്ത് എടപ്പാളിലെ സർക്കാർ ആശുപത്രി, സ്വകാര്യ ആശുപത്രി, പൊന്നാനിയിലെ സർക്കാർ ആശുപത്രി എന്നിവിടങ്ങളിലെല്ലാം ചികിത്സ തേടിയിരുന്നു. ഇസിജി എടുത്ത് പരിശോധിച്ചതിൽ ചെറിയ വ്യത്യാസം കണ്ടെത്തിയെങ്കിലും മരുന്ന് നൽകി താല്ക്കാലിക ആശ്വാസം പകർന്ന് പറഞ്ഞുവിടുകയായിരുന്നു ഡോക്ടർമാർ. എന്നിട്ടും വേദനമാറാതെ വന്നതോടെ ചാലിശ്ശേരിയിലെ ഒരു ആയുർവേദ ഡോക്ടറെയും പ്രശാന്ത് കണ്ടിരുന്നു.

മാതാപിതാക്കൾ ചെന്നൈയിൽ ഒരു വിരുന്നു സത്കാരത്തിനായി പോയിരിക്കുകയായിരുന്നു. ഗർഭിണിയായ ഭാര്യ സ്വന്തം വീട്ടിലും പോയിരുന്നതിനാൽ പ്രശാന്തും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടുവർഷം മുൻപാണ് പ്രശാന്ത് വിവാഹിതനായത്.

തിങ്കളാഴ്ച രാത്രി ഉറങ്ങാൻകിടന്ന ഇദ്ദേഹത്തിന് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വേദനകൂടുകയായിരുന്നു. ഉടനെ എടപ്പാളിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവിനൊപ്പം ബിസിനസ് നടത്തി വരികയായിരുന്നു. ഭാര്യ: സനീഷ്മ, അമ്മ: ഗീത സഹോദരൻ: പ്രശോഭ്(ബിസിനസ് ചാലിശ്ശേരി) ശവസംസ്‌കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.

Exit mobile version