തലയോട്ടിയില്‍ തുളച്ചുകയറിയ വെടിയുണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു; യുവാവിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുനര്‍ജന്മം

തിരുവനന്തപുരം: എയര്‍ഗണ്ണില്‍ നിന്നും അബദ്ധത്തില്‍ വെടിയുതിര്‍ത്ത് വായിലൂടെ തലയോട്ടിയില്‍ തുളച്ചുകയറിയ വെടിയുണ്ട പുറത്തെടുത്തു, യുവാവിന് പുനര്‍ജന്മം.
വര്‍ക്കല സ്വദേശിയായ 36കാരനെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയത്.

ശരീരത്തിനുള്ളില്‍ കടന്ന ഫോറിന്‍ബോഡി അഥവാ അന്യവസ്തു പുറത്തെടുക്കുന്ന അതിസൂക്ഷ്മവും സങ്കീര്‍ണവുമായ ശസ്ത്രക്രിയ രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്നത്.

എയര്‍ഗണ്‍ തുടച്ചു വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടുകയും വെടിയുണ്ട വായിലൂടെ തുളച്ചുകയറി തലയോട്ടിയ്ക്കടിയില്‍ മെഡുലയ്ക്ക് മുന്നിലായി തറച്ചു നില്‍ക്കുകയുമായിരുന്നു. ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവിനെ അഡീഷണല്‍ പ്രൊഫസറും ആശുപത്രി സൂപ്രണ്ടുമായ ഡോ. എംഎസ് ഷര്‍മ്മദിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

മൈക്രോസ്‌കോപ്പ്, സിആം എന്നീ ഉപകരണങ്ങളുടെ സഹായത്തോടെ വായിലൂടെ തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തു. മൂന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. അഭിഷേക്, ഡോ. രാജ് എസ് ചന്ദ്രന്‍, ഡോ. ദീപു, ഇഎന്‍ടി വിഭാഗത്തിലെ ഡോ. നിഖില, ഡോ. മുബിന്‍, ഡോ. ലെമിന്‍, ഡോ. ഷാന്‍, അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ. ഉഷാകുമാരി, ഡോ. ജയചന്ദ്രന്‍, ഡോ. നരേഷ്, ഡോ. ഗായത്രി, ഡോ. രാഹുല്‍, നേഴ്‌സുമാരായ ബ്ലെസി, സിന്ധു തീയേറ്റര്‍ ടെക്‌നീഷ്യന്‍ ജിജി, സയന്റിഫിക് അസിസ്റ്റന്റ് റിസ് വി, തീയേറ്റര്‍ അസിസ്റ്റന്റുമാരായ നിപിന്‍, വിഷ്ണു എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.

ഏതാനും ദിവസം മുമ്പ് ഭക്ഷണത്തിലൂടെ നേരിയ ഇരുമ്പ് കമ്പി ഉള്ളില്‍ കടന്ന നിലയില്‍ ആശുപത്രിയിലെത്തിയ മറ്റൊരു യുവാവിനെ കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയിരുന്നു.

Exit mobile version