അലനും താഹയും ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും; യുഎപിഎ സ്ഥാപിക്കാൻ തെളിവ് തേടി പോലീസ്

കൊച്ചി: കോഴിക്കോട് നിന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ അലനും താഹയും ഇന്ന് ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകും. ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിവിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന കീഴ്‌കോടതി ഉത്തരവിലെ വാദത്തിനെതിരെ കേസ് കെട്ടിച്ചമച്ചതാണെന്ന വാദം ഉയർത്തിയാണ് ഹർജി നൽകുക. അതേസമയം, ഇരുവരും അർബൻ മാവോയിസ്റ്റുകളാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് അന്വേഷണസംഘം. മഞ്ചിക്കണ്ടി വനമേഖലയിൽ നിന്ന് കണ്ടെടുത്ത ലഘുലേഖയും അലന്റെയും താഹയുടേയും വീട്ടിൽ വിന്ന് കണ്ടെടുത്ത ലഘുലേഖകളും തമ്മിൽ സാമ്യമുള്ളത് ഗൗരവമുള്ള സംഗതിയാണെന്ന വാദമാണ് അന്വേഷണസംഘം ഉയർത്തുന്നത്.

അതുകൊണ്ട് തന്നെ അലനയെും താഹയെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം. കസ്റ്റഡിയിൽ വാങ്ങാനായി അന്വേഷണസംഘം അപേക്ഷ നൽകി. രക്ഷപ്പെട്ട മൂന്നാമനായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് യുഎപിഎ കേസ് സ്ഥാപിക്കാനാണ് പോലീസ് ശ്രമം.

അതേസമയം അലൻ ഷുഹൈബിനേയും താഹ ഫസലിനേയും കോഴിക്കോട് ജില്ലാ ജയിലിൽ നിന്ന് മാറ്റില്ലെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കി. സുരക്ഷ കണക്കിലെടുത്ത് ഇരുവരേയും വിയ്യൂരിലെ അതീവ സുരക്ഷ ജയിലേക്ക് മാറ്റണമെന്നായിരുന്നു ജയിൽ സൂപ്രണ്ടിന്റെ ആവശ്യം. എന്നാൽ നിലവിൽ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ് വിലയിരുത്തുകയും ആവശ്യം തള്ളുകയുമായിരുന്നു.

Exit mobile version