കാഞ്ഞാണിയില്‍ 40 ലക്ഷത്തിന്റെ കള്ളനോട്ടുമായി രണ്ട് പേര്‍ പിടിയില്‍

കള്ളനോട്ടുകള്‍ പ്ലാസ്റ്റിക് കവറിലാക്കി സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു

കാഞ്ഞാണി: കാഞ്ഞാണിയില്‍ 40 ലക്ഷത്തിന്റെ കള്ളനോട്ടുമായി രണ്ട് പേര്‍ പിടിയില്‍. ചാവക്കാട്, എടക്കഴിയൂര്‍ കേരച്ചംവീട്ടില്‍ നിസാര്‍ (42), കണ്ണിങ്കലത്ത് ജഹാംഗീര്‍ (47) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരുടെ പക്കല്‍ 40 ലക്ഷം രൂപയ്ക്കുള്ള രണ്ടായിരത്തിന്റെ കള്ളനോട്ടുകളാണ് ഉണ്ടായിരുന്നത്. കള്ളനോട്ടുകള്‍ പ്ലാസ്റ്റിക് കവറിലാക്കി സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇവര്‍ അന്തിക്കാട് സെന്ററിലെ ഒരു മുട്ടക്കടയില്‍ 2000 രൂപയുടെ കള്ളനോട്ട് മാറാന്‍ എത്തിയതാണ് അറസ്റ്റിലേക്ക് നയിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ കടയിലെത്തിയ ഇവര്‍ 500 രൂപയുടെ മുട്ട വാങ്ങിയശേഷം 2000 രൂപയുടെ കള്ളനോട്ട് കൊടുക്കുകയായിരുന്നു. കടക്കാരന്‍ ഈ 2000 രൂപയുമായി കാഞ്ഞാണിയിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് വാങ്ങാന്‍ എത്തിയപ്പോഴാണ് ഇത് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്.

നാട്ടുകാര്‍ ഉടന്‍ തന്നെ അന്തിക്കാട് പോലീസില്‍ വിവരം അറിയിച്ചു. പിന്നാലെ പ്രതികളെക്കുറിച്ച് രഹസ്യവിവരം കിട്ടിയ പോലീസ് കഴിഞ്ഞ ദിവസം രാത്രിയില്‍ കാരമുക്കിലെ ഒരു ബേക്കറിയുടെ മുന്നില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. കാരമുക്കിലെ ഏതെങ്കിലും കടകളില്‍നിന്ന് നോട്ടുകള്‍ മാറാനുള്ള ശ്രമത്തിനായി കാത്തുനില്‍ക്കുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. രണ്ടായിരത്തിന്റെ 20 കെട്ടുകളാണ് ഉണ്ടായിരുന്നത്.
കോഴിക്കോടുള്ള കള്ളനോട്ട് സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്.

Exit mobile version