കോട്ടയത്ത് ആനയിടഞ്ഞു; പാപ്പാനെ ഞെരിച്ചു കൊന്നു

ഇന്ന് തിരുനക്കര ക്ഷേത്രത്തില്‍ എത്തിച്ച് തിരികെ വരുമ്പോഴാണ് ആന ഇടഞ്ഞത്.

കോട്ടയം: കോട്ടയം ചെങ്ങളത്ത് ആന ഇടഞ്ഞു. ഇടഞ്ഞ ആന പാപ്പാനെ ഞെരിച്ചു കൊന്നു. തിരുനക്കര ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഇടഞ്ഞ ആനയുടെ പുറത്ത് നിന്ന് ഇറങ്ങുന്നതിനിടെ പാപ്പാനെ ഇലക്ട്രിക് പോസ്റ്റിലിട്ട് ആന ഞെരിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ പാപ്പാന്‍ മരിച്ചു. മൂന്നര മാസമായി മദപ്പാടിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ആന. ഇന്ന് തിരുനക്കര ക്ഷേത്രത്തില്‍ എത്തിച്ച് തിരികെ വരുമ്പോഴാണ് ആന ഇടഞ്ഞത്.

തിരുനക്കര ക്ഷേത്രത്തിലേക്ക് വരുന്ന വഴിയില്‍ നേരത്തെയും ആന ഇടഞ്ഞിരുന്നെങ്കിലും പാപ്പാന്‍ന്മാര്‍ ആനയെ തളയ്ക്കുകയായിരുന്നു. ആദ്യം ഇടഞ്ഞപ്പോള്‍ നിരവധി ബസ്സുകള്‍ക്ക് നേരെയും ആന പാഞ്ഞടുത്തു. പാപ്പാന്മാരുടെ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.

ആന ഇടഞ്ഞതറിഞ്ഞ് നിരവധി നാട്ടുകാരാണ് എത്തിയത്. പോലീസും എത്തിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന പാപ്പാനെ സസ്‌പെന്റ് ചെയ്തിരുന്നു. ഈ അടുത്താണ് പുതിയ പാപ്പാന്മാരെ നിയമിച്ചത്.

Exit mobile version