സിസിടിവി നിരീക്ഷിക്കുന്നുണ്ടെന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതിവെച്ചിട്ടും കാര്യമില്ല; മെട്രോയിലും കുത്തിവരച്ചിട്ട് മലയാളി

കൊച്ചി: സിസിടിവി നിരീക്ഷിക്കുന്നുണ്ടെന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതി വെച്ചിട്ടും മെട്രോയുടെ ഗ്ലാസില്‍ കുത്തിവരച്ചിട്ട് ദുശ്ശീലം പുറത്തെടുത്ത് മലയാളി. നാണയം ഉപയോഗിച്ചാണ് ഗ്ലാസില്‍ കുത്തിവരച്ചത്. കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്നും ഇതിനായി സിസിടിവി ഫുട്ടേജുകള്‍ പരിശോധിക്കുകയാണെന്നും കെഎംആര്‍എല്‍ ജീവനക്കാര്‍ അറിയിച്ചു.

മെട്രോ സ്‌റ്റേഷനും ട്രെയിനും ഒന്നടങ്കം സിസിടിവി നിരീക്ഷണത്തിലാണ്. ഇക്കാര്യം അറിയിച്ചുകൊണ്ട് ബോര്‍ഡുകളും പതിച്ചിട്ടുണ്ട്. എന്നിട്ടും ഗ്ലാസില്‍ കുത്തിവരച്ചിടുകയായിരുന്നു. 101ാം നമ്പര്‍ ട്രെയിനിന്റെ ഗ്ലാസിലാണ് നാണയം ഉപയോഗിച്ച് കുത്തി വരഞ്ഞിരിക്കുന്നത്. ഗ്ലാസിന് മുകളില്‍ പതിപ്പിച്ച ഫിലിമില്‍ കേടുപാട് സംഭവിച്ചിട്ടുണ്ട്.

മെട്രോയ്ക്കു വേണ്ടി ആദ്യം കൊണ്ടുവന്ന സെറ്റിലെ ട്രെയിനിലാണ് സംഭവം. കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്നും മെട്രോ ട്രെയിനുകളിലും സ്റ്റേഷന്‍ പരിസരത്തും നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ പൊതു മുതല്‍ നശീകരണമായി കണ്ട്, മെട്രോ ആക്ട് അനുസരിച്ചു നിയമനടപടി സ്വീകരിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.

Exit mobile version