അബുദാബി ബിഗ് ടിക്കറ്റിലെ ഒന്നാംസമ്മാനം: 28 കോടി ശ്രീനുവും പത്തൊമ്പതു സുഹൃത്തുക്കളും പങ്കിടും

കൊച്ചി: അബുദാബി ബിഗ് ടിക്കറ്റ് ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 15 ദശലക്ഷം ദിര്‍ഹം (ഏകദേശം 28.87 കോടി രൂപ) നേടിയ ശ്രീനു ശ്രീധരന്‍ നായര്‍ ആലപ്പുഴ സ്വദേശി. ദുബായിലെ സ്വകാര്യ കമ്പനിയില്‍ 1500 ദിര്‍ഹം ശമ്പളത്തില്‍ മെക്കാനിക്കായി ജോലി ചെയ്യുകയാണ് 28 കാരനായ ശ്രീനു.

കോടിപതിയായ വിവരം അറിയിക്കാന്‍ ഞായറാഴ്ച തന്നെ സംഘാടകര്‍ ശ്രീനുവിനെ ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെയാണ് സംഘാടകര്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞത്.

നാട്ടില്‍ തുടങ്ങിവച്ച വീടുപണി പണമില്ലാതെ മുടങ്ങി കിടക്കുകയാണ്. അത് ആദ്യം പൂര്‍ത്തിയാക്കണമെന്നും ബാക്കി തുക എന്തു ചെയ്യണമെന്ന് ആലോചിച്ചിട്ടില്ലെന്നും
ശ്രീനു പ്രതികരിച്ചു.

ഒക്ടോബര്‍ 20 നാണ് പതിനായിരം രൂപയോളം വിലവരുന്ന അബുദാബി ബിഗ് ടിക്കറ്റ് ശ്രീനുവും 21 സുഹൃത്തുക്കളുമായി ചേര്‍ന്ന് വാങ്ങിയത്. മൊത്തം സമ്മാനത്തുകയുടെ അഞ്ച് ശതമാനമായ 1.42 കോടി രൂപ ശ്രീനുവിന് വിഹിതമായി ലഭിക്കും. 098165 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം. ടിക്കറ്റില്‍ നല്‍കിയിരുന്നത് ശ്രീനുവിന്റെ ഫോണ്‍ നമ്പറായിരുന്നു.

അബുദാബി ബിഗ് ടിക്കറ്റില്‍ സമ്മാനാര്‍ഹരായവര്‍ പത്ത് പേരും മലയാളികളാണ്. രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം സഹീര്‍ ഖാനു ലഭിക്കും. മൂന്നാം സമ്മാനം സിദ്ദിഖ് ഒതിയോരത്ത് സ്വന്തമാക്കി. നാല്, അഞ്ച്, ആറ് സ്ഥാനങ്ങള്‍ക്ക് യഥാക്രമം അബ്ദുള്‍ റഷീദ് കോടാലിയില്‍, രാജീവ് രാജന്‍, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ അര്‍ഹരായി. സജിത് കുമാര്‍ സദാശിവന്‍ നായര്‍ (7), പേച്ചിമുത്ത് കാസിലിംഗം (8), ശ്രീകാന്ത് നായിക് (9), അരുണ്‍ ബാബു (10) എന്നിവരാണ് മറ്റ് ജേതാക്കള്‍.

Exit mobile version