കമ്മുക്കുട്ടീ, അജിത്… ഒന്ന് ഫോണെടുക്കൂ! നിങ്ങളുടെ കോടികളുടെ സമ്മാനത്തുക ഞങ്ങളുടെ പക്കലുണ്ട്; ബിഗ് ടിക്കറ്റ് വിജയികളെ കണ്ടെത്താനാവാതെ അധികൃതര്‍

അബുദാബി: പ്രിയപ്പെട്ട കമ്മുക്കുട്ടീ, പ്രിയപ്പെട്ട അജിത് ശ്രീധരന്‍പിള്ള.. ദയവു ചെയ്തു ഫോണെടുക്കൂ… ഇത് പറയുന്നത് അബുദാബിയിലെ ബിഗ് ടിക്കറ്റ് അധികൃതരാണ്. കഴിഞ്ഞ 5 മാസത്തോളമായി ബിഗ് ടിക്കറ്റ് അധികൃതര്‍ മലയാളി ഭാഗ്യവാന്മാരെ തേടുന്നു. മറ്റൊന്നിനുമല്ല, കോടികളുടെ സമ്മാനത്തുക കൈമാറാന്‍.

ഇരുവരെയും കണ്ടെത്താന്‍ പൊതുജനത്തിന്റെ പിന്തുണ തേടുകയാണ് ബിഗ് ടിക്കറ്റ് അധികൃതര്‍. കമ്മുക്കുട്ടി ഫോണെടുത്തെങ്കിലും തനിക്ക് ഭാഗ്യം ലഭിച്ചുവെന്ന് വിശ്വസിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. വിളിക്കുന്നവര്‍ തട്ടിപ്പുകാരാണെന്ന് കരുതി ബിഗ് ടിക്കറ്റ് അധികൃതരില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 28ന് ‘റെഡ് വീക്ക് ബിഗ് ക്യാഷ് ഗിവ് എവേ’ ക്യാംപെയിനിലാണ് കമ്മുക്കുട്ടി 1,00000 ദിര്‍ഹം (20 ലക്ഷത്തിലേറെ) നേടിയത്. ഇദ്ദേഹം മലയാളിയാണെന്ന് കരുതുന്നു. 238482 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത്. ബിഗ് ടിക്കറ്റ് ടീമില്‍ നിന്നുള്ള ആദ്യ ഫോണ്‍ കോള്‍ ഇദ്ദേഹം അറ്റന്‍ഡ് ചെയ്തെങ്കിലും വിശ്വസിക്കാന്‍ തയാറായില്ല.

അതിനുശേഷം, ബിഗ് ടിക്കറ്റിന്റെ പ്രതിനിധികള്‍ കമ്മുക്കുട്ടിയെ വിശ്വസിപ്പിക്കാന്‍ ശ്രം നടത്തി. സമ്മാനം ഉറപ്പാക്കാന്‍ ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും പരിശോധിക്കാനും ഉപദേശിച്ചു. അപ്പോഴും ഇത് തട്ടിപ്പാണെന്നും ഈ ചതിയില്‍ താന്‍ വീഴില്ലെന്നുമായിരുന്നു കമ്മുക്കുട്ടിയുടെ നിലപാട്. തുടര്‍ന്ന് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ നിന്നുള്ള കോളുകളും അദ്ദേഹം സ്വീകരിക്കാതെയായി. മാസങ്ങളായിട്ടും അധികൃതര്‍ ശ്രമം നിര്‍ത്തിയിട്ടില്ല.

അജിത്തിനെയും ഫോണില്‍ ബന്ധപ്പെടാനാവുന്നില്ല. നമ്പര്‍ മാറ്റിയിരിക്കാമെന്നും കരുതുന്നുവെന്നും ഡ്രോ ഹോസ്റ്റ് റിച്ചാര്‍ഡ് പറഞ്ഞു. ഭാഗ്യശാലികളായ കമ്മുക്കുട്ടിയെയോ അജിത്തിനെയോ അറിയാമെങ്കില്‍, help@bigticket.ae എന്ന വിലാസത്തില്‍ ഇമെയില്‍ അയയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ 022019244 എന്ന നമ്പറില്‍ വിളിക്കുക.

നേരത്തെ നടന്ന നറുക്കെടുപ്പുകളില്‍ ഭൂരിഭാഗവും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് വിജയികളായിട്ടുള്ളത്. കോടികള്‍ നേടിയത് വഴി ഒട്ടേറെ ജീവിതങ്ങള്‍ ഉയര്‍ന്ന നിലകളിലെത്തി. ബിഗ് ടിക്കറ്റും ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റും വാങ്ങി ഭാഗ്യ പരീക്ഷണം നടത്തുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണ്.

Exit mobile version