വാളയാര്‍ കേസന്വേഷണത്തില്‍ പോലീസ് പൂര്‍ണമായും പരാജയപ്പെട്ടു; വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍

വാളയാര്‍ കേസിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ്.

കണ്ണൂര്‍: വാളയാര്‍ കേസിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ്. സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. പോക്‌സോ കേസുകളില്‍ നടപടിയുണ്ടാകാന്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാളയാര്‍ കേസില്‍ പോലീസ്, മൊഴി നല്‍കിയ ഡോക്ടര്‍, പ്രോസിക്യുട്ടര്‍, കോടതി എന്നിവര്‍ വേണ്ട ജാഗ്രത കാണിച്ചില്ല. വേണ്ട രേഖകളും തെളിവുകളും പോലീസ് ശേഖരിച്ചില്ല. ഈ കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളുമായി വേണ്ട ചര്‍ച്ചകള്‍ പോലും പോലീസ് നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തില്‍ പോലീസ് പൂര്‍ണമായും പരാജയപ്പെട്ടു. പ്രോസിക്യൂട്ടര്‍ക്കും ഗുരുതരവീഴ്ചയാണ് സംഭവിച്ചത്. സംഭവം നടന്ന വീടും പരിസരവും പോലും പ്രോസിക്യൂഷന്‍ സന്ദര്‍ശിച്ചില്ല. നിരക്ഷരരായ സാക്ഷികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ വിമര്‍ശിച്ചു.

Exit mobile version