തമിഴ്‌നാട്ടില്‍ നിന്നും കാറില്‍ കടത്താന്‍ ശ്രമിച്ച 11 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയില്‍

വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട. സംഭവത്തില്‍ മലപ്പുറം മഞ്ചേരി സ്വദേശി ജലീലിനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

പാലക്കാട്: വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട. സംഭവത്തില്‍ മലപ്പുറം മഞ്ചേരി സ്വദേശി ജലീലിനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടില്‍ നിന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച 11 കിലോ കഞ്ചാവാണ് ഇയാളില്‍ നിന്നും പോലീസ് പിടികൂടിയത്.

ഉച്ചയോടെ വാളയാര്‍ ടോള്‍ പ്ലാസക്ക് സമീപം വാഹന പരിശോധനയിലാണ് എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടിയത്. പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന് എക്‌സസൈസ് സംഘം പിടികൂടുകയായിരുന്നു. ഡല്‍ഹി രജിസ്‌ട്രേഷനിലുളള കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

തമിഴ്‌നാട്ടിലെ ധാരാപുരത്തുനിന്നാണ് കഞ്ചാവെത്തിച്ചതെന്ന് പിടിയിലായ ജലീല്‍ എക്‌സൈസ് സംഘത്തോട് പറഞ്ഞു. മഞ്ചേരി സ്വദേശിയായ ശെല്‍വന് വേണ്ടിയാണ് കഞ്ചാവെത്തിച്ചതെന്ന് ഇയാള്‍ എക്‌സൈസ് സംഘത്തിന് നല്‍കിയ മൊഴി.

ഏറെ മാസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും അളവില്‍ കഞ്ചാവ് പാലക്കാട്ട് പിടികൂടുന്നത്. അതിര്‍ത്തിയിലും റെയില്‍വെ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കിതോടെ, വലിയ അളവിലുളള കഞ്ചാവ് ഒഴുക്ക് കുറഞ്ഞിരുന്നു. ഇരുചക്രവാഹനങ്ങളിലൂടെ ചെറിയ അളവിലായിരുന്നു കഞ്ചാവ് കടത്ത്.

Exit mobile version