താഹ ഇരുട്ടത്ത് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചു; അലന്റെ കൈയ്യിൽ ലഘുലേഖകളും; മുഖ്യമന്ത്രി സഭയിൽ

തിരുവനന്തപുരം: നിയമസഭയിൽ കോഴിക്കോട്ടെ രണ്ട് നിയമവിദ്യാർത്ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അറസ്റ്റിലായ താഹ എന്ന വിദ്യാർത്ഥി മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ഒന്നാം തീയതി വൈകുന്നേരം 6.45ന് മൂന്നു യുവാക്കളെ പന്തീരാങ്കാവ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിൽ ഒരാൾ ഓടിപ്പോയി. യുവാക്കൾ ഇരുട്ടിൽ മറഞ്ഞു നിൽക്കുകയായിരുന്നു. എന്തിന് ഇരുട്ടത്ത് നിൽക്കുന്നു എന്ന പോലീസിന്റെ ചോദ്യത്തിന് ഇവർക്ക് മറുപടി പറയാൻ കഴിഞ്ഞില്ല.

ഇതിൽ താഹ ഫസൽ എന്നയാൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചു. താഹയുടെയും അലന്റെയും പക്കൽനിന്ന് മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും ലഘുലേഖകളും പിടികൂടി. ഇതിനെതുടർന്നാണ് ഇവരെ യുഎപിഎ ചുമത്തി കസ്റ്റഡിയിൽ എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, യുഎപിഎ നിയമം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ ആവർത്തിച്ചു. യുഎപിഎ ചുമത്തുന്ന കാര്യത്തിൽ വ്യക്തമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

Exit mobile version