നോട്ടീസുകളും ലഘുലേഖകളും കൈവശം വെച്ചുവെന്ന് ആരോപിച്ച് യുഎപിഎ ചുമത്തുന്ന നടപടി ശരിയല്ല, ഇത് ജനാധിപത്യ വിരുദ്ധം; സിപിഎം ഏരിയ കമ്മിറ്റി പ്രമേയം

കോഴിക്കോട്: പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരില്‍ യുഎപിഎ ചുമത്തിയ സംഭവം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയുടെ പ്രമേയം. നോട്ടീസുകളും ലഘുലേഖകളും കൈവശം വെച്ചുവെന്ന് ആരോപിച്ച് യുഎപിഎ ചുമത്തുന്ന നടപടി ശരിയല്ലെന്നും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും പ്രമേയത്തില്‍ പറയുന്നു.

നോട്ടീസും ലഘുലേഖകളും കൈവശം വെച്ചതിന് അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. ഇത് ജനാധിപത്യം കവര്‍ന്നെടുക്കുന്ന രീതിയാണെന്നും ജില്ലാ കമ്മിറ്റി അംഗം ടിപി ദാസന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

കഴിഞ്ഞദിവസമാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയായിരുന്നു അറസ്റ്റ്. നിയമ വിദ്യാര്‍ത്ഥിയായ അലന്‍ ഷുഖൈബ്, താഹ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ കഴിഞ്ഞ ദിവസം സിപിഎം ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിരുന്നു.

ഇക്കാര്യം സര്‍ക്കാര്‍ തന്നെ പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വിഷയത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി നിലപാട് വ്യക്തമാക്കിയതിന്റെ ഭാഗമായാണ് ഏരിയ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചതെന്നും സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.

Exit mobile version