കൂടത്തില്‍ തറവാട്ടിലെ ദുരൂഹമരണം: കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്റെ മരണവുമായി ബന്ധപ്പെട്ട് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. തലക്കേറ്റ ക്ഷതം മൂലമായിരുന്നു മരണമെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.

മരണത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന കാര്യം പരിശോധിക്കുകയാണ്, എല്ലാ തരത്തിലുള്ള ശാസ്ത്രീയ പരിശോധനയും നടത്തുമെന്നും ഡിസിപി മുഹമ്മദ് ആരിഫ് പറഞ്ഞു.

രാവിലെ 11 മണിയോടെ ക്രൈംബ്രാഞ്ച് സംഘം കൂടത്തില്‍ തറവാട് തുറന്ന് പരിശോധന നടത്തി. ഫോറന്‍സിക് സംഘവും പരിശോധനക്ക് ഉണ്ടായിരുന്നു. വീട്ടുജോലിക്കാരി ലീലയെയും രവീന്ദ്രന്‍ നായരേയും സ്ഥലത്തെത്തിച്ചായിരുന്നു അന്വേഷണ സംഘത്തിന്റെ പരിശോധന. ജയമാധവന്‍ നായരുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം ഉള്‍പ്പെടെ സംഘം പരിശോധിച്ചിട്ടുണ്ട്.

ജയമാധവന്‍ നായര്‍ തലക്കേറ്റ ക്ഷതംമൂലം മരിച്ചുവെന്നാണ് ഫോറന്‍സിക് സയന്‍സ് ലാബിന്റെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ തലക്ക് ക്ഷതമേല്‍ക്കാന്‍ സാധ്യത ഉള്ള തരത്തില്‍ മൃതശരീരം കണ്ടെത്തിയ സ്ഥലത്ത് എന്തെങ്കിലും ഉണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് തിരയുന്നത്. എസ്എസ്എല്‍ ലാബിന്റെ കണ്ടെത്തല്‍ ഗൗരവമുള്ളതാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

Exit mobile version