തൊണ്ടവേദനയുമായി എത്തി; പരിശോധിച്ചപ്പോള്‍ അന്നനാളത്തിന് മുകളിലായി ഇരുമ്പു കമ്പി; സങ്കീര്‍ണ ശാസ്ത്രക്രിയയിലൂടെ യുവാവിന് പുതുജീവന്‍

തിരുവനന്തപുരം: ഭക്ഷണത്തിനൊപ്പം ഉള്ളില്‍ക്കടന്ന് അന്നനാളത്തിനു മുകളില്‍ കുടുങ്ങിക്കിടന്ന ഇരുമ്പുകമ്പി സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തൊണ്ടവേദനയുമായെത്തിയ മുപ്പതുകാരനായ യുവാവിനെ പരിശോധിച്ചപ്പോഴാണ് അന്നനാളത്തിന് മുകളിലായി ഇരുമ്പുകമ്പി കണ്ടെത്തിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം. തൊണ്ട വേദന അസഹനീയമായതോടെയാണ് യുവാവ് ചികിത്സ തേടി ആശുപത്രിയിലെത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇഎന്‍ടി വിഭാഗത്തില്‍ തൊണ്ട പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് സിടി സ്‌കാന്‍ പരിശോധനയിലാണ് ശ്വാസക്കുഴലിനു പുറകില്‍ അന്നനാളത്തിനോടു ചേര്‍ന്ന് ചെറിയ ലോഹക്കഷണം കണ്ടെത്തിയത്.

തലയിലേക്ക് പോകുന്ന ഞരമ്പുകളുടെയും അന്നനാളത്തിന്റെയും ഇടയിലാണ് കമ്പി കുരുങ്ങിക്കിടന്നത്. ഇത് ഭക്ഷണത്തിനൊപ്പമായിരിക്കാം ശരീരത്തിനുള്ളില്‍ പ്രവേശിച്ചതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. തുടര്‍ന്ന് തത്സമയം എക്‌സ് റേ വഴി കാണാന്‍ സാധിക്കുന്ന സി ആം ഇമേജ് ഇന്റന്‍സിഫയര്‍ ഉപയോഗിച്ചുനടന്ന ശസ്ത്രക്രിയയിലൂടെ കമ്പിക്കഷണം പുറത്തെടുത്തു.

Exit mobile version