കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകത്തിന്റെ മൃതദേഹത്തില്‍ കണ്ണുകള്‍ ഇല്ല; ഏറ്റുമുട്ടലിന്റെ ലക്ഷണങ്ങള്‍ അല്ല ശരീരത്തിലുള്ളതെന്ന് സഹോദരി ലക്ഷ്മി

മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയതിനാല്‍ വനത്തില്‍ സുരക്ഷ സേന പരിശോധന നടത്തിയിരുന്നു

അട്ടപ്പാടി: അട്ടപ്പാടിയില്‍ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്ലില്‍ കൊല്ലപ്പെട്ട മണിവാസകത്തിന്റെ മൃതദേഹത്തില്‍ കണ്ണുകള്‍ ഇല്ലെന്നും ഏറ്റുമുട്ടലിന്റെ ലക്ഷണങ്ങള്‍ അല്ല ശരീരത്തിലെന്നും സഹോദരി ലക്ഷ്മി പറഞ്ഞു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ മൃതദേഹം തിരിച്ചറിഞ്ഞ ശേഷമായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.

കഴിഞ്ഞദിവസമാണ് അട്ടപ്പാടിയിലെ ഉള്‍വനത്തില്‍ വെടിവെപ്പ് നടന്നത്. മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയതിനാല്‍ വനത്തില്‍ സുരക്ഷ സേന പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മില്‍ വെടിവെയ്പ്പ് നടന്നത്. സംഭവത്തില്‍ നാല് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ബന്ധുകള്‍ക്ക് മൃതദേഹം കാണാന്‍ കഴിഞ്ഞത്. മണിവാസകന്റെ ശരീരത്തില്‍ ഒത്തിരി മുറുവുകളുണ്ടെന്നും മൃതദേഹം ജീര്‍ണിച്ച് തുടങ്ങിയിയെന്നും സഹോദരി പറഞ്ഞു.

മണിവാസകത്തിന്റെ കാലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. കാലുകള്‍ എങ്ങനെ ഒടിഞ്ഞു എന്ന കാര്യം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലില്ല. മണിവാസകത്തിന് ഒഴികെ ബാക്കി മൂന്ന് പേര്‍ക്കും അധികവും വെടിയേറ്റത് ശരീരത്തിന്റെ പിന്‍ഭാഗത്തായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ട കാര്‍ത്തിയുടെ മൃതദേഹം തിരിച്ചറിയാന്‍ സാധിയ്ക്കത്ത വിധം പരിക്കുകളുണ്ടായിരുന്നെന്ന് സഹോദരന്‍ മുരുകേശന്‍ പറയുന്നത്.

ഏറ്റുമുട്ടലിന്റെ പാടുകളല്ല കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ശരീരത്തില്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ ഇത്രയേറെ പാടുകള്‍ എങ്ങനെ ഉണ്ടായെന്ന് അന്വേഷിക്കണമെന്നും റീ പോസ്റ്റുമോര്‍ട്ടം വേണമെന്നും ബന്ധുകള്‍ പറഞ്ഞു.

Exit mobile version