ഫ്‌ളാറ്റിലെ വാതിലുകളും ജനലുകളും ഉള്‍പ്പെടെയുള്ളവ വിട്ട് കിട്ടണമെന്ന് മരട് ഫ്‌ളാറ്റുടമകള്‍; ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കരാര്‍ കമ്പനികള്‍; പുതിയ പ്രതിസന്ധി

ഫ്‌ളാറ്റുടമകളുടെ പരാതി പരിശോധിക്കാന്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ പ്രത്യേക സിറ്റിങ് ഇന്ന് നടക്കും

കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ചതിനെ തുടര്‍ന്ന് പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളിലെ വാതിലുകളും ജനലുകളും ഉള്‍പ്പെടെയുള്ളവ വിട്ട് കിട്ടണം എന്ന് ഫ്‌ളാറ്റ് ഉടമകള്‍. കരാര്‍ പ്രകാരം ഇത്തരം സാധനങ്ങളുടെ ഉടമസ്ഥാവകാശം പൊളിക്കല്‍ ചുമതലയുള്ള കമ്പനികള്‍ക്കായതിനാല്‍ ഫ്‌ളാറ്റ് ഉടമകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കമ്പനിയും വ്യക്തമാക്കി.

ഇതോടെ വീണ്ടും പ്രതിസന്ധി ഉടലെടുത്തതിനാല്‍ ഫ്‌ളാറ്റുടമകളുടെ പരാതി പരിശോധിക്കാന്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ പ്രത്യേക സിറ്റിങ് ഇന്ന് നടക്കും. ഫ്‌ളാറ്റുകളിലെ ജനലുകളും വാതിലുകളും സാനിറ്ററി ഉപകരണങ്ങളും പൊളിച്ച് നീക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്.

ഇതിനിടെയാണ് ഇത്തരം സാധനങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റുടമകള്‍ രംഗത്തെത്തിയത്. എന്നാല്‍ കരാര്‍ പ്രകാരം ഇത്തരം സാധനങ്ങളുടെ ഉടമസ്ഥാവകാശം പൊളിക്കല്‍ ചുമതലയുള്ള കമ്പനികള്‍ക്കായതിനാല്‍ സാധനങ്ങള്‍ ഇനി നീക്കാനാവില്ലെന്ന നിലപാടിലാണ് കമ്പനികള്‍.

2.32 കോടി രൂപയ്ക്കാണ് ഫ്‌ളാറ്റ് പൊളിച്ച് നീക്കാനുള്ള കരാര്‍ സ്വന്തമാക്കിയതെന്നും അത് ഇത്തരം സാധനങ്ങള്‍ കൂടി കണക്കാക്കിയാണെന്നും കരാര്‍ കമ്പനികള്‍ വ്യക്തമാക്കി. ഇനി ഇവയെല്ലാം ഉടമകള്‍ക്ക് കൈമാറണം എന്ന് ആവശ്യപ്പെടുന്നത് കരാര്‍ ലംഘനമാകുമെന്നും കമ്പനികള്‍ പറയുന്നു.

Exit mobile version