ഇരുമുടിക്കെട്ടും പ്രാര്‍ത്ഥനയുമായി കെ സുരേന്ദ്രന്‍ കൊട്ടാരക്കര ജയിലില്‍

കൊട്ടാരക്കര: ശബരിമലയിലേക്കു പോകവേ കഴിഞ്ഞ ദിവസം നിലയ്ക്കലില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ അടച്ചു. ഇരുമുടിക്കെട്ടുമായാണ് ജയിലില്‍ കഴിയുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 354, 34 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരായ ഗുരുവായൂര്‍ പേരകം തറയില്‍ രാജന്‍ (45), തുലാപ്പള്ളി മടുക്കോലി സന്തോഷ് (45) എന്നിവരെയും പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയരവേ കനത്ത പോലീസ് കാവലിലാണ് രാവിലെ ഒന്‍പതു മണിയോടെ ജയിലിലെത്തിച്ചത്.

കഴിഞ്ഞ ദിവസം രാത്രി അറസ്റ്റു രേഖപ്പെടുത്തി ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച സുരേന്ദ്രനെ പ്രതിഷേധക്കാരെ ഭയന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ പത്തനംതിട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് അവധിദിവസമായതിനാല്‍ പത്തനംതിട്ട മജിസ്‌ട്രേറ്റ് അത്തിക് റഹ്മാന്റെ വസതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. രണ്ടു നേരം പ്രാര്‍ത്ഥിക്കാന്‍ കോടതി അനുമതി നല്‍കിയതായി സുരേന്ദ്രന്‍ പറഞ്ഞു.

ആശുപത്രിയിലും മജിസ്ട്രേറ്റിന്റെ വസതിക്ക് മുന്നിലും ബിജെപി പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു. വന്‍ പോലീസ് അകമ്പടിയിലാണ് പത്തനംതിട്ടയില്‍ കൊണ്ടുവന്നത്. രാവിലെ ഏഴരയോടെ നടപടികള്‍ പൂര്‍ത്തിയാക്കി കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോയി.

ഈ വിവരം അറിഞ്ഞ് നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും സബ് ജയിലിന് സമീപം നാമജപവുമായി തടിച്ചുകൂടി. സ്ഥിതിഗതികള്‍ നേരിടാന്‍ പോലീസ് സംഘവും നിലയുറപ്പിച്ചു.

സുരേന്ദ്രനുമായി വന്ന വാഹനത്തിന് അടുത്തേക്കു പോകാന്‍ പോലീസ് ആരെയും അനുവദിച്ചില്ല. നടപടികള്‍ അരമണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കി പത്തനംതിട്ട പോലീസ് മടങ്ങി. എങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. ഇരുട്ടുവോളം നാമജപവുമായി അവര്‍ ജയിലിനു മുന്നിലുണ്ടായിരുന്നു.

ശബരിമല: സന്നിധാനത്ത് നാമജപ പ്രതിഷേധം. സന്നിധാനത്ത് രാത്രി വിരി വയ്ക്കുന്നതില്‍നിന്നു പോലീസ് ഭക്തര്‍ക്കു വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രതിഷേധമുയര്‍ന്നത്. നൂറുകണക്കിനുപേര്‍ ഒത്തുചേര്‍ന്ന് ഇവിടെ പ്രതിഷേധിക്കുകയാണ്.

Exit mobile version