പണിയൊന്നുമില്ലാതെ ബുദ്ധിമുട്ടുമ്പോൾ മകൻ പറഞ്ഞു ഈ നമ്പർ ലോട്ടറി എടുത്താൽ സമ്മാനമടിക്കുമെന്ന്; ആ നാക്ക് പൊന്നായി; സന്തോഷിനെ തേടിയെത്തിയത് 65 ലക്ഷം

വിൻവിൻ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ അറുപത്തിയഞ്ച് ലക്ഷമാണ് മത്സ്യത്തൊഴിലാളിയായ സന്തോഷിനെ തേടിയെത്തിയത്.

കലവൂർ: നിവധി തവണ കുഞ്ഞുകുഞ്ഞു സമ്മാനങ്ങൾ സംസ്ഥാന ലോട്ടറി സമ്മാനിച്ചിട്ടുണ്ടെങ്കിലും ഇത്തവണ ഭാഗ്യപരീക്ഷണത്തിന് മകൻ പറഞ്ഞു കൊടുത്ത നമ്പറിലുള്ള ലോട്ടറി ടിക്കറ്റിലൂടെ സന്തോഷിനെ തേടി എത്തിയത് അറുപത്തിയഞ്ച് ലക്ഷവും സമാശ്വാസസമ്മാനങ്ങളും. കേരള ലോട്ടറിയുടെ 536-ാമത് വിൻവിൻ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ അറുപത്തിയഞ്ച് ലക്ഷമാണ് മത്സ്യത്തൊഴിലാളിയായ സന്തോഷിനെ തേടിയെത്തിയത്.

ഇതോടൊപ്പം എൺപത്തിഎണ്ണായിരം രൂപയും എട്ട് ടിക്കറ്റുകളിലായി കിട്ടി. കാട്ടൂർ കുന്നേൽ സന്തോഷ് തന്റെ മകൻ ബ്ലെസൺ പറയുന്ന നമ്പറിലെ ടിക്കറ്റെടുക്കാറുള്ളതാണ്. മകന്റെ താത്പര്യവും കൂടി കണക്കിലെടുത്താണ് മിക്കപ്പോഴും ടിക്കറ്റ് എടുക്കാറുള്ളത്. സിഎസ്ബാബുവിന്റെ ഉടമസ്ഥതയിൽ കലവൂർ ബസ്‌സ്റ്റാൻഡിലുള്ള മനോരമ ഏജൻസിയിൽനിന്ന് ഞായറാഴ്ച പന്ത്രണ്ട് ടിക്കറ്റുകളാണ് സന്തോഷ് എടുത്തത്. ഒന്നാം സമ്മാനം ഉൾപ്പടെ എടുത്ത ഒമ്പത് ടിക്കറ്റുകൾക്കും സമ്മാനവും സന്തോഷിന് ലഭിച്ചു.

കലവൂരിൽ പല ഏജൻസികളിലായി വിറ്റ ടിക്കറ്റിന് ഒമ്പത് മാസത്തിനിടക്ക് ഇത് നാലാമത്തെ ഒന്നാം സമ്മാനമാണ് അടിക്കുന്നത്. താൻ ടിക്കറ്റ് എടുക്കാനായി ചെല്ലുമ്പോൾ ഏജൻസിയിൽ ഉദ്ദേശിക്കുന്ന നമ്പർ ഇല്ലെങ്കിൽ കിട്ടുന്നിടത്തുനിന്നും അത് തേടിപ്പിടിച്ചു പോയി എടുക്കുമെന്ന് സന്തോഷ് പറഞ്ഞു.

പൊന്തുവള്ളത്തിൽ മീൻപിടിക്കാൻ പോകുന്നതാണ് സന്തോഷിന്റെ മുഖ്യവരുമാന മാർഗ്ഗം. ഒരുമാസത്തോളമായി കടൽ പ്രക്ഷുബ്ധമായതിനാൽ കാര്യമായ പണിയില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് മകൻ പറഞ്ഞുകൊടുത്ത നമ്പറിൽ ഭാഗ്യദേവത കടാക്ഷിച്ചത്. വിദ്യാർത്ഥികളായ അഷ്നയും അഞ്ജിതയുമാണ് മറ്റ് രണ്ട് മക്കൾ. ഭാര്യ റീനയും അച്ഛൻ മൈക്കിളും, അമ്മ അന്നമ്മയും അടങ്ങുന്നതാണ് സന്തോഷിന്റെ കുടുംബം.

Exit mobile version