ഡിസിസിയുടെ തെറ്റായ പ്രവർത്തനം തോൽവിക്ക് കാരണം; മോഹൻരാജിന്റെ പരാജയത്തിൽ ഖേദിക്കുന്നെന്നും അടൂർ പ്രകാശ്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ സംഭവിച്ച കനത്ത തോൽവിയിൽ പ്രതികരണവുമായി അടൂർ പ്രകാശ് എംപി രംഗത്ത്. പത്തനംതിട്ട ഡിസിസിക്കെതിരെ വിമർശനമുന്നയിച്ചും സ്ഥാനാർത്ഥി നിർണയത്തിലെ പിഴവും ചൂണ്ടിക്കാട്ടിയാണ് അടൂർ പ്രകാശ് രംഗത്തെത്തിയിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ കോന്നിയിലും വട്ടിയൂർകാവിലും കോൺഗ്രസിന് ക്ഷീണം സംഭവിച്ചുവെന്ന് അടൂർ പ്രകാശ് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയം പാർട്ടി അന്വേഷിക്കണം. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജില്ല കോൺഗ്രസ് കമ്മിറ്റിക്ക് വീഴ്ച പറ്റി. ഡിസിസിയുടെ തെറ്റായ പ്രവർത്തനം ജനം ഉൾകൊണ്ടില്ലെന്നും മോഹൻ രാജിന്റെ പരാജയത്തിൽ ഖേദിക്കുന്നെന്നും അടൂർ പ്രകാശ് പറഞ്ഞു. മത്സരിക്കാൻ യോഗ്യനായ സ്ഥാനാർത്ഥി ആരെന്ന് തന്നോട് ചോദിച്ചപ്പോഴാണ് പേര് നിർദേശിച്ചത്. പാർട്ടിക്ക് വേണ്ടിയാണ് മതമോ ജാതിയോ നോക്കാതെ ഒരാളുടെ പേര് നിർദേശിച്ചത്. റോബിൻ പീറ്ററുടെ അയോഗ്യത എന്തെന്ന് അറിയില്ല. പാർട്ടി പ്രവർത്തകനെന്ന നിലയിലാണ് പാർട്ടിയുടെ തീരുമാനം അംഗീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെയു ജനീഷ് കുമാർ 9953 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥ പി മോഹൻരാജിനെ മലർത്തിയടിച്ചത്. നീണ്ട 23 വർഷത്തിനു ശേഷമാണ് മണ്ഡലം കോൺഗ്രസിന് നഷ്ടമാകുന്നത്. ഉപതെരഞ്ഞെടുപ്പിൽ പ്രമാടം പഞ്ചായത്ത് പ്രസിഡൻറ് റോബിൻ പീറ്ററെ കോന്നിയിൽ മത്സരിപ്പിക്കണമെന്ന നിലപാടിലായിരുന്നു അടൂർ പ്രകാശ്. എന്നാൽ ഇത് അംഗീകരിക്കാതെ പി മോഹൻരാജിനെ കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥിയാക്കുകയായിരുന്നു.

Exit mobile version