താനൂര്‍ കൊലപാതകം; അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

പ്രതികളുമായി അടുത്ത ബന്ധമുള്ളവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.

മലപ്പുറം: താനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുമായി അടുത്ത ബന്ധമുള്ളവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.

അതേസമയം, കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന നിഗമനത്തിലാണ് പോലീസ്. ഇന്നലെ രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ ഇസ്ഹാഖിനെ നാലംഗ സംഘം വെട്ടിക്കൊന്നത്. ആക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും മലപ്പുറം എസ്പി യു അബ്ദുള്‍ കരീം പറഞ്ഞു.

വീട്ടില്‍ നിന്നും കവലയിലേക്ക് വരുന്നതിനിടെ രാത്രി ഏഴരയോടെയാണ് അഞ്ചുടിയില്‍ വച്ച് ഇസ്ഹാഖിനു നേരെ ആക്രമണമുണ്ടായത്. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നുണ്ട്.

Exit mobile version