അരൂർ പിടിച്ച് ഷാനിമോൾ; യുഡിഎഫിന് അട്ടിമറി വിജയം

അരൂർ: ഫോട്ടോ ഫിനിഷിലേക്ക് നീങ്ങിയ അരൂർ മണ്ഡലത്തിലെ വോട്ടെണ്ണലിൽ ഒടുവിൽ എൽഡിഎഫ് സ്ഥാനാർത്ഥി മനു സി പുളിക്കലിനെ പിന്നിലാക്കി യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാന് അട്ടിമറി വിജയം. 2079 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാനിമോൾ അരൂർ പിടിച്ചടക്കിയത്. ഇടതുകോട്ടയായ അരൂരിൽ വിജയിക്കാനായത് യുഡിഎഫിന് തിരിച്ചടികൾക്കിടയിൽ അൽപ്പം ആശ്വാസവുമായി.

ലോക്‌സഭാ തെരഞ്ഞെടുപ്പിലും അരൂർ മണ്ഡലത്തിൽ ലീഡ് നേടാൻ ഷാനിമോൾക്ക് സാധിച്ചിരുന്നു. ഈ വിലയിരുത്തലിലാണ് അവർക്ക് സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനായത്. സംസ്ഥാനത്ത് നടന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിൽ ഏറ്റവും ഉദ്വേഗം നിറഞ്ഞ വോട്ടെണ്ണലായിരുന്നു അരൂർ മണ്ഡലത്തിലേത്. ആയിരത്തോളം വോട്ടുകളുടെ മാത്രം വ്യത്യാസത്തിലായിരുന്നു ഷാനിമോൾ മുന്നേറിയത്.

ഒടുവിൽ നിർണായകമായ തുറവൂർ പഞ്ചായത്തിലാണ് യുഡിഎഫ് ലീഡ് നേടിയത്. അവസാന റൗണ്ട് വോട്ടെണ്ണലിൽ ഷാനിമോൾ രണ്ടായിരത്തിന് മുകളിൽ വോട്ടുകൾ അധികം നേടി വിജയം ഉറപ്പിക്കുകയായിരുന്നു.

Exit mobile version