ഇനി റോഡിലെ പോക്കറ്റടി ഭയക്കാതെ വാഹനമെടുക്കാം; ഗതാഗത നിയമലംഘനത്തിന് പിഴത്തുക കുറച്ചു; അംഗീകരിച്ച് മന്ത്രിസഭ

തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക സർക്കാർ കുറച്ചു. മോട്ടോർ വാഹന പിഴയിലെ ഭേദഗതി മന്ത്രിസഭ അംഗീകരിച്ചതോടെയാണ് പിഴത്തുകയിൽ കുറവ് വരുമെന്ന് ഉറപ്പായത്. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാത്തതിനുള്ള പിഴ പകുതിയാക്കിയാണ് കുറച്ചത്. ആയിരത്തിൽ നിന്ന് 500 രൂപയാക്കിയാണ് കുറച്ചത്. അമിത വേഗത ആദ്യനിയമ ലംഘനത്തിന് 1500 രൂപയും ആവർത്തിച്ചാൽ 3000 രൂപയും പിഴ ഇടാക്കും. വാഹനത്തിൽ അമിതഭാരം കയറ്റിയാലുള്ള പിഴ 20000 രൂപയിൽ നിന്ന് പതിനായിരമാക്കിയും കുറച്ചു.

നേരത്തെ, ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയ നിയമഭേദഗതി വന്നയുടൻ തന്നെ കേരളം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. പിന്നീട് ഉയർന്ന പിഴ ഈടാക്കുന്നതിൽ പ്രതിഷേധം ശക്തമായതോടെ കർശ്ശന വാഹന പരിശോധന നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, പിഴ കുറയ്ക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയതോടെയാണ് പുതിയ തീരുമാനം. കേന്ദ്രമന്ത്രിയോട് ഇക്കാര്യത്തിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കത്തയച്ചെങ്കിലും ഇതുവരെയും മറുപടി കിട്ടിയിട്ടില്ല.

Exit mobile version