കള്ളവോട്ട് ചെയ്തതല്ല; സ്ലിപ്പ് മാറി ലഭിച്ചത്; ആരോപണം നിഷേധിച്ച് നബീസയുടെ കുടുംബവും യുഡിഎഫും

യുവതിയുടെ കുടുംബം ആശയക്കുഴപ്പത്തെ തുടർന്നാണ് ഇക്കാര്യം സംഭവിച്ചതെന്നും പ്രതികരിച്ചു.

മഞ്ചേശ്വരം: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനിടെ കള്ളവോട്ടിന് ശ്രമിച്ചെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത നബീസയെന്ന യുവതിയുടെ കുടുംബം പ്രതികരണവുമായി രംഗത്ത്. കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചുവെന്ന ആരോപണം തള്ളിയ യുവതിയുടെ കുടുംബം ആശയക്കുഴപ്പത്തെ തുടർന്നാണ് ഇക്കാര്യം സംഭവിച്ചതെന്നും പ്രതികരിച്ചു.

സ്ലിപ്പ് മാറി ലഭിച്ചതിനാലാണ് വോട്ട് ചെയ്യാനെത്തിയതെന്നും കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്നും നബീസയുടെ ഭർത്താവ് അബൂബക്കർ പറഞ്ഞു. 40, 42 എന്നിങ്ങനെ രണ്ട് ബൂത്തുകളാണ് ബാക്രബയിലെ സ്‌കൂളിലുള്ളത്. 40-ാം നമ്പർ ബൂത്തിൽ നബീസയ്ക്ക് നേരത്തെ വോട്ടുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് പോയതിനെ തുടർന്ന് 42-ാം ബൂത്തിലേക്ക് മാറി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇതേ ബൂത്തിൽ തന്നെയാണ് വോട്ട് ഉണ്ടായിരുന്നതെന്നും കുടുംബം പറയുന്നു.

ഇത്തവണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തി വോട്ടിങ് സ്ലിപ്പുകൾ നൽകിയിരുന്നില്ല. അതേസമയം, വീട്ടിലെത്തി രാഷ്ട്രീയ പാർട്ടികൾ നൽകിയ സ്ലിപ്പിൽ നബീസ എന്ന പേരുണ്ടായിരുന്നുവെന്നും ഭർത്താവ് അബൂബക്കർ മാധ്യമങ്ങളോട് പറഞ്ഞു. മറ്റൊരു കുടുംബത്തിന്റെ സ്ലിപ്പ് മാറി തങ്ങൾക്ക് ലഭിച്ചതാണെന്നാണ് ഇയാളുടെ വിശദീകരണം.

ഇതിനിടെ, യുവതിയെയും കുടുംബത്തെയും പിന്തുണച്ച് യുഡിഎഫ് നേതൃത്വം രംഗത്തെത്തി. കള്ളവോട്ടിന് ശ്രമിച്ചതല്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും പ്രതികരിച്ചു. അതേസമയം, സംഭവത്തിൽ പരാതിയുമായി മുന്നോട്ടുപോകാനാണ് ബിജെപിയുടെ തീരുമാനം.

Exit mobile version