സാറ്റലൈറ്റ് ചിത്രങ്ങളിൽ കേരളം കാണാനില്ല; മഴ കനക്കും, ജാഗ്രതാ നിർദേശം

പ്രധാനമായും കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളായ ഇൻസാറ്റ്, മെറ്റിയോസാറ്റ് എന്നിവയിൽ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളുമാണ് നൽകുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറായി ശക്തമായ മഴ തുടരുകയാണ്. മിക്ക ജില്ലകളിലും കഴിഞ്ഞ 12 മണിക്കൂറുകളായി തുടർച്ചയായി മഴ പെയ്യുകയാണ്. കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പും അറിയിച്ചിരിക്കുന്നത്. അതേസമയം, മഴ കനത്തതിനാൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ട എറണാകുളം ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.

ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റലൈറ്റുകളെല്ലാം അയക്കുന്ന ചിത്രങ്ങളും വിവരങ്ങളും അപഗ്രഥിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്കായി കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിവിധ വെബ്‌സൈറ്റുകളിൽ സാറ്റലൈറ്റ് ചിത്രങ്ങളും വിവരങ്ങളും പോസ്റ്റ് ചെയ്യുന്നുണ്ട്. പ്രധാനമായും കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളായ ഇൻസാറ്റ്, മെറ്റിയോസാറ്റ് എന്നിവയിൽ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളുമാണ് നൽകുന്നത്. ജപ്പാനിൽ നിന്നുള്ള ഹിമവാരിയുടെ ഗ്രാഫിക്‌സുകളും ഇന്ത്യ ഉപയോഗപ്പെടുത്തുണ്ട്.

ഒക്ടോബർ 21ന് പകർത്തിയ സാറ്റലൈറ്റ് ചിത്രങ്ങളിലെല്ലാം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കനത്ത മേഘത്താൽ മറഞ്ഞുകിടക്കുകയാണ്. ഇതിനാൽ വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങൾ നൽകുന്ന സൂചന. അറബിക്കടലിൽ ലക്ഷദ്വീപിനും കേരളത്തിനും ഇടയിൽ രൂപപ്പെട്ട ന്യൂനമർദമാണ് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു കാരണമാകുന്നത്.

Exit mobile version