കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന പഴവും പച്ചക്കറിയും ഭക്ഷ്യയോഗ്യം; അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവയില്‍ കൊടിയ വിഷം, പഠനം

അയല്‍നാട്ടില്‍ നിന്നെത്തുന്ന ജീരകം, പെരുംജീരകം കറിവേപ്പില തുടങ്ങിയവയില്‍ പത്തോളം കീടനാശിനികളാണ് തളിച്ചിരിക്കുന്നത്

തൃശ്ശൂര്‍: സംസ്ഥാനത്ത് കൃഷി ചെയ്യുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി പ്രയോഗം കുറവാണെന്ന് കണ്ടെത്തി. അതേസമയം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പഴങ്ങളിലും പച്ചക്കറിക്കളിലും വന്‍ തോതില്‍ കീടനാശിനി കണ്ടെത്തി. അയല്‍നാട്ടില്‍ നിന്നെത്തുന്ന ജീരകം, പെരുംജീരകം കറിവേപ്പില തുടങ്ങിയവയില്‍ പത്തോളം കീടനാശിനികളാണ് തളിച്ചിരിക്കുന്നത്.

കേരള കാര്‍ഷിക സര്‍വകലാശാലയും കൃഷി വകുപ്പും ചേര്‍ന്ന് തെയ്യാറാക്കിയ പദ്ധതിയുടെ റിപ്പോര്‍ട്ടിലാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നു നേരിട്ടു ശേഖരിച്ച പച്ചക്കറി സാമ്പിളുകളില്‍ 20 ശതമാനത്തില്‍ താഴെയാണു രോഗ കീടനാശിനി കണ്ടെത്തിയത്. അതേസമയം അയല്‍ നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറികളില്‍ വന്‍ തോതിലാണ് കീടനാശിനി തളിക്കുന്നത്. വെണ്ടയ്ക്ക, പച്ചമുളക് വഴുതന തക്കാളി തുടങ്ങിയ പച്ചക്കറികളിലും അസ്‌ഫേറ്റ്, ഇമിഡാ ക്ലോഫ്രിഡ് എന്നിവ വന്‍ തോതില്‍ കണ്ടെത്തിയിട്ടുണ്ട്.

മോണോ ക്രോട്ടോഫോസിന്റെ സാന്നിധ്യം മുരിങ്ങക്കയിലുണ്ട്. കോളിഫ്‌ളവറില്‍ സംസ്ഥാനത്ത് നിരോധിച്ച പ്രൊഫനോഫോസ് എന്ന കീടനാശിനി വന്‍ തോതില്‍ കണ്ടെത്തി. കുമ്പളം, വഴുതന, ചേമ്പ്, കറിവേപ്പില, മരച്ചീനി, ചതുരപ്പയര്‍, പീച്ചിങ്ങ മുതലായവ സുരക്ഷിതമാണ്. പച്ചച്ചീര, ചുവപ്പു ചീര, പാവല്‍, വെണ്ട, കാബേജ്, മുളക്, സാലഡ് വെള്ളരി, പടവലം, പയര്‍, വെണ്ടയ്ക്ക, വഴുതന, കത്തിരി, പച്ചമുളക്, മുരിങ്ങക്ക, കോളിഫല്‍വര്‍ എന്നിവയിലാണ് കീടനാശിനി അധികം ഉള്ളതായി കണ്ടെത്തിയത്.

അതേസമയം ഇരട്ടി വില നല്‍കി വാങ്ങുന്ന ജൈവ പച്ചക്കറികളിലും വന്‍ തോതില്‍ കീടനാശിനി കണ്ടെത്തിട്ടുണ്ട്. വെണ്ടയ്ക്ക, തക്കാളി, കാപ്‌സിക്കം, വെള്ളരി, പടവലം, പയര്‍ തുടങ്ങിയവയില്‍ കീടനാശിനികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഫലങ്ങളില്‍ മുന്തിരിയിലാണ് ഏറ്റവുമധികം കീടനാശിനി കണ്ടെത്തിയത്.

Exit mobile version