ഉണ്ണി മുകുന്ദന്റെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ പതിവെന്ന് പരാതി; ഒടുവിൽ അന്വേഷണം ആരംഭിച്ചു

ഒറ്റപ്പാലം: ചലച്ചിത്രതാരം ഉണ്ണി മുകുന്ദന്റെ പേരിലുണ്ടാക്കിയ വ്യാജപ്രൊഫൈലിലൂടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഉണ്ണി മുകുന്ദന്റെ പിതാവ് ഒറ്റപ്പാലം പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വ്യാജ അക്കൗണ്ടിന്റെ ഉറവിടം കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയതായി പോലീസ് അറിയിച്ചു. സിഐ എം സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ഐ ആം ഉണ്ണി മുകുന്ദൻ താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പേര്. ഇതിനു സമാനമായി ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഐആം.ഉണ്ണിമുകുന്ദൻ എന്നു വ്യാജ അക്കൗണ്ടുണ്ടാക്കിയാണ് സ്ത്രീകളെ പറ്റിച്ചത്. ഉണ്ണിമുകുന്ദന്റെ അക്കൗണ്ട് എന്ന് പെൺകുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുമായി സൗഹൃദം സൃഷ്ടിക്കുന്നത് പതിവാക്കുന്നതായി ശ്രദ്ധയിൽപെട്ടുവെന്നും ഇത്തരം വ്യാജ പ്രവണതകളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് എം മുകുന്ദൻ നായർ തന്റെ പരാതിയിൽ പറയുന്നത്.

ഉണ്ണി മുകുന്ദന്റെ പേരിലുള്ള അക്കൗണ്ടിൽ നിന്നു സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതായാണു പരാതിയിൽ പറയുന്നത്. നടനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇതെന്നും ഉണ്ണി മുകുന്ദന്റെ പിതാവ് ഒറ്റപ്പാലം പോലീസിനു നൽകിയ പരാതിയിൽ ആരോപിക്കുന്നു.

Exit mobile version