കളക്ടറുടെ അക്കൗണ്ടിലേക്കുള്ള 23ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; ക്ലാര്‍ക്ക് അറസ്റ്റില്‍

ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ കളക്ടര്‍ പികെ സുധീര്‍ബാബു നിര്‍ദേശം നല്‍കി

കടുത്തുരുത്തി: കളക്ടറുടെ അക്കൗണ്ടിലേക്കുള്ള 23ലക്ഷം രൂപ തിരിമറി നടത്തിയ കേസില്‍ ക്ലാര്‍ക്ക് അറസ്റ്റില്‍. പാലാ തിടനാട് കരിപ്പോട്ടപ്പറമ്പില്‍ കെആര്‍ ഉല്ലാസ്‌മോനെയാണ്(39)പോലീസ് അറസ്റ്റ് ചെയ്തത്. കുറുപ്പന്തറയിലെ മൂവാറ്റുപുഴവാലി ജലസേചനപദ്ധതി സ്‌പെഷ്യല്‍ തഹസില്‍ദാരുടെ(ഭൂമിയേറ്റെടുക്കല്‍) ഓഫീസില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്ന കേസിലാണ് അറസ്റ്റ്.

സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ആര്‍ രാമചന്ദ്രന്‍ കടുത്തുരുത്തി പോലീസില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഉല്ലാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ കളക്ടര്‍ പികെ സുധീര്‍ബാബു നിര്‍ദേശം നല്‍കി.സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള നാല് കേസുകളിലായി കളക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അടയ്‌ക്കേണ്ടിയിരുന്ന 23 ലക്ഷം രൂപയാണ് ജീവനക്കാരന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്.

ജീവനക്കാര്‍ പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട ജോലികളില്‍ മുഴുകിയിരുന്ന സമയത്ത് നടന്ന ഇടപാടിലെ തുകയാണ് കളക്ടറുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാതെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതിനു മുമ്പും സമാനരീതിയില്‍ പണം തിരിമറി നടത്തിയെന്ന കേസില്‍ 2014-ല്‍ ഈരാറ്റുപേട്ട പോലീസില്‍ ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു.

Exit mobile version