വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും വോട്ട് മറിക്കാൻ എൽഡിഎഫ്-യുഡിഎഫ് ധാരണ; ആരോപണവുമായി ശ്രീധരൻപിള്ള

എൽഡിഎഫും യുഡിഎഫും തമ്മിൽ വോട്ടുമറിക്കാൻ ധാരണയുണ്ടാക്കി എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയുടെ ആരോപണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് ചൂട് കടുക്കുന്നതിനിടെ എതിരാളികൾക്ക് നേരെ വോട്ട് മറിക്കൽ ആരോപണവുമായി ബിജെപി രംഗത്ത്. വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും എൽഡിഎഫും യുഡിഎഫും തമ്മിൽ വോട്ടുമറിക്കാൻ ധാരണയുണ്ടാക്കി എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയുടെ ആരോപണം.

ഇരുമുന്നണികളും തമ്മിലുള്ള ധാരണ കാരണം വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും അട്ടിമറി നടക്കുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം നിലനിർത്താൻ എൽഡിഎഫിനെ സഹായിക്കുന്നത് കോൺഗ്രസാണ്. മഞ്ചേശ്വരത്ത് രണ്ട് പഞ്ചായത്തുകളിൽ ബിജെപി അധികാരത്തിലെത്തുന്നത് തടയാൻ ഇരുമുന്നണികളും ഒത്തുകളിച്ചെന്നും സിപിഎം- കോൺഗ്രസ് നേതൃത്വങ്ങൾ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ശ്രീധരൻ പിള്ള മാധ്യമങ്ങൾക്ക് മുന്നിൽ ആരോപണങ്ങൾ ഉന്നയിച്ചു.

തൊഴിയൂർ മോഹനചന്ദ്രൻ കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട ശ്രീധരൻപിള്ള, ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം തന്നെ നടത്തണമെന്നും ആവശ്യപ്പെട്ടു. സിപിഎം-സിപിഐ പാർട്ടികളിൽ ഭാരവാഹികളായ 287 പേർ ഇതിനോടകം ബിജെപിയിൽ ചേർന്നിട്ടുണ്ടെന്നും ശ്രീധരൻപിള്ള അവകാശപ്പെട്ടു.

Exit mobile version