കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു; നിര്‍മ്മാതാവിനെതിരെ തുറന്നടിച്ച് ഷെയ്ന്‍ നിഗം; വീഡിയോ

സിനിമ നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച് ഷെയ്ന്‍ തന്നെയാണ് രംഗത്ത് എത്തിയിരിക്കുന്നത്.

കൊച്ചി: യുവ നടന്‍ ഷെയ്ന്‍ നിഗമിന് വധഭീഷണി. സിനിമ നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച് ഷെയ്ന്‍ തന്നെയാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് താരസംഘടനയായ അമ്മയ്ക്ക് ഷെയ്ന്‍ പരാതി നല്‍കി.

ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ . കുര്‍ബാനി എന്ന ചിത്രത്തിനായി താന്‍ തലമുടി മുറിച്ചത് നിര്‍മ്മാതാവായ ജോബിയെ പ്രകോപിപ്പിച്ചുവെന്നും ഇതാണ് വധഭീഷണിക്ക് കാരണമെന്നും ഇന്‍സ്റ്റഗ്രാമിലെ വീഡിയോയില്‍ ഷെയിന്‍ ആരോപിച്ചു.

ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ ഇരുപത് ദിവസമാണ് നിശ്ചയിച്ചിരുന്നത്. ഇത് പതിനാറ് ദിവസത്തില്‍ പൂര്‍ത്തീകരിച്ച് ഷെയ്ന്‍ കുര്‍ബാനി എന്ന സിനിമയുടെ സെറ്റിലേക്ക് പോയി. രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഷെയ്ന്‍ വരുന്നത്. വെയിലില്‍ മുന്നിലെ മുടി നീട്ടിയ ഗെറ്റപ്പിലാണ് ഷെയ്ന്‍ എത്തുന്നത്.

കുര്‍ബാനിക്ക് മറ്റൊരു ഗെറ്റപ്പ് ആവശ്യമായതിനാല്‍ പിന്നിലെ മുടി അല്‍പം മുറിച്ചു. ഇതിന്റെ പേരിലാണ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയതെന്ന് ഷെയ്ന്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവിലെത്തി പറഞ്ഞു.

അതേസമയം, ഇത് സംഘടനയിലെ ആഭ്യന്തരവിഷയമാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നുമാണ് താരസംഘടനയായ അമ്മയുടെ നിലപാട്.

Exit mobile version